അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താൻ യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കനത്ത ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച പുലർച്ചെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വൻ സൈനിക ആക്രമണം നടത്തിയത്. റഷ്യ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കീവിനെ ലക്ഷ്യം വെക്കുന്നത്.
നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കെ കീവിന് മേൽ സമ്മർദ്ദം ചെലുത്താനാണ് റഷ്യയുടെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെ അട്ടിമറിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതായി വെള്ളിയാഴ്ച റഷ്യ ആരോപിച്ചിരുന്നു.
അതേസമയം, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. കീവിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകി. മിസൈൽ ആക്രമണത്തെത്തുടർന്ന് കീവിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങിയതോടെ ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടി.

