അമേരിക്കയിൽ മാരിജുവാനയുടെ (കഞ്ചാവ്) തരംമാറ്റാനുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചേക്കും. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേട്ടപാടെ കുതിച്ചുകയറി കഞ്ചാവ് ‘കൃഷി ചെയ്യുന്ന’ കാനബിസ് കമ്പനികളുടെ ഓഹരികൾ.
ട്രംപിന്റെ നീക്കത്തെക്കുറിച്ച് അദ്ദേഹമോ വൈറ്റ്ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ, കമ്പനികളുടെ ഓഹരികൾ 50 ശതമാനത്തിലധികം മുന്നേറ്റം നടത്തി.
നിലവിൽ മാരിജുവാന ഷെഡ്യൂൾ-1 എന്ന വിഭാഗത്തിലാണുള്ളത്. ഇവയെ ഷെഡ്യൂൾ-3 വിഭാഗത്തിലേക്ക് മാറ്റാനാണ് ട്രംപിന്റെ നീക്കം. ഇതിനർഥം രാജ്യത്ത് കഞ്ചാവ് പൂർണമായും നിയമവിധേയമാക്കുന്നു എന്നല്ല. വിവിധ ചികിത്സാമരുന്നുകളുടെ നിർമാണച്ചേരുവകൂടിയാണ് മാരിജുവാന. ഇത്തരം മരുന്നുകളുടെ നിർമാണത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, നിക്ഷേപമെത്താൻ വഴിയൊരുക്കുക തുടങ്ങിയവയാണ് ഷെഡ്യൂൾ മാറ്റുന്നതിന്റെ പ്രധാന ലക്ഷ്യം.
വ്യത്യസ്തമായ നികുതി വിഭാഗത്തിലേക്ക് ഇവയെ മാറ്റുകയുമാണ് ചെയ്യുന്നത്. നികുതി കുറയും. മാരകമായ മയക്കുമരുന്നുകളുടെ വിഭാഗമാണ് ഷെഡ്യൂൾ-1. ഇതിൽനിന്നാണ് കഞ്ചാവ് താരതമ്യേന മാരകമല്ലാത്തവയുള്ള വിഭാഗത്തിലേക്ക് മാറുന്നത്.
ഇങ്ങനെ തരംമാറ്റാൻ പ്ലാനുണ്ടെ്ന് ട്രംപ് ഓഗസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ‘വീര്യം കുറഞ്ഞ’ വിഭാഗത്തിലേക്ക് മാറുമ്പോൾ ഈ രംഗത്തെ കമ്പനികൾക്ക് ഇനി ബാങ്ക് വായ്പ തരപ്പെടുത്താനും എളുപ്പമാകും. ഇതു പ്രവർത്തന മൂലധനം കിട്ടാൻ വഴിയൊരുക്കും. അതേസമയം, കഞ്ചാവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ളൊരു ഹർജി യുഎസ് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കുന്നുണ്ട്. കോടതിയിലും അനുകൂല വിധിയുണ്ടായാൽ ഈ രംഗത്തെ കമ്പനികൾ അത് ആഘോഷമാക്കും.
ഇതൊന്നും പോരാ, കഞ്ചാവ് നിയമവിധേയമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും ചിലർ വാദിക്കുന്നുണ്ട്. ലഹരി എന്നോണം കഞ്ചാവ് ഉപയോഗിക്കുന്നത് ഉന്നമിട്ടല്ല ഈ രംഗത്തെ കമ്പനികളുടെ പ്രധാന പ്രവർത്തനം. വിവിധ മരുന്നുകളുടെ സുപ്രധാന ചേരുവയാണ് മാരിജുവാന. ഈ രംഗത്തെ പ്രധാന ഉൽപാദക കമ്പനിയായ ടിൽറേ ബ്രാൻഡ്സ്, കാനോപി ഗ്രോത്ത് എന്നിവയുടെ ഓഹരികൾ 52% വരെ ഇന്നലെ ഉയർന്നു. ഇന്നൊവേറ്റീവ് ഇൻഡസ്ട്രിയൽ പ്രോപ്പർട്ടീസ് ഉയർന്നത് 9%. ദ ആംപ്ലിഫൈ സീമോർ കാനബിസ് ഇടിഎഫ് 54% കുതിച്ചുയർന്നു

