ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്‍റെ അന്വേഷണ, ക്രിമിനൽ പ്രോസിക്യൂഷൻ രേഖകൾ പുറത്തുവിടാൻ മാൻഹട്ടൻ ഫെഡറൽ ജഡ്ജി റിച്ചാർഡ് എം. ബെർമാൻ ബുധനാഴ്ച അനുമതി നൽകി. എപ്‌സ്റ്റീന്‍റെ കൂട്ടാളിയായിരുന്ന ഗിസ്ലൈൻ മാക്സ്‌വെല്ലിനെതിരായ രേഖകൾ പുറത്തുവിടാൻ ന്യൂയോർക്കിലെ മറ്റൊരു ജഡ്ജി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ വിധി. കൂടാതെ, ഒരു ഫ്ലോറിഡ ജഡ്ജി ഒരു ആഴ്ച മുമ്പ് ഇതേ കേസിൻ്റെ അന്വേഷണ രേഖകൾ പുറത്തുവിടാൻ അനുമതി നൽകിയിരുന്നു.
പുറത്തുവിടാൻ ഒരുങ്ങുന്ന ഈ രേഖകൾ, നീതിന്യായ വകുപ്പ് എങ്ങനെയാണ് എപ്‌സ്റ്റീൻ്റെ ലൈംഗിക ചൂഷണ ലോകത്തെക്കുറിച്ച് അന്വേഷണം നടത്തിയതെന്നതിൻ്റെ ആഴത്തിലുള്ള വിവരങ്ങൾ നൽകിയേക്കാം. എന്നാൽ, എത്രത്തോളം തെളിവുകൾ പൊതുജനങ്ങൾക്ക് പുതിയതായി ലഭിക്കുമെന്നോ, എപ്പോഴാണ് ഇത് ലഭ്യമാകുക എന്നതിനെക്കുറിച്ചോ നിലവിൽ വ്യക്തതയില്ല.
2019-ൽ ലൈംഗിക കടത്ത് കുറ്റങ്ങൾ ചുമത്തി എപ്‌സ്റ്റീനെതിരെ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒരു മാസം കഴിഞ്ഞ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്‍ററിലെ സെല്ലിൽ എപ്‌സ്റ്റീനെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇത് ആത്മഹത്യയാണെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

