ദില്ലി: പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്രയിൽ മാറ്റമില്ല. രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിച്ചു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം. ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും പ്രധാന മന്ത്രി സന്ദർശിക്കും.ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്ക് എന്നും, അദ്ദേഹത്തെ ആദരിക്കുന്നതിനുള്ള പ്രത്യേക സന്ദർശനമാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദില്ലി ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.
അതേ സമയം, രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റിലാണ് സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടതെന്നാണ് വിവരവും പുറത്തുവന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.
ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. ഇതിനിടെ, കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

