Friday, December 5, 2025
HomeNewsഎറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രെസ്സിൽ ആർഎസ്എസ് ഗണഗീതം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി...

എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രെസ്സിൽ ആർഎസ്എസ് ഗണഗീതം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.

സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയിൽവേ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ വലിയ വിമ‍ശമുയ‍ർന്നിരുന്നു. ഇതോടെ വീഡിയോ നീക്കം ചെയ്തു. എന്നാൽ ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്ത് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ വിമ‍ർശനമുന്നയിച്ചു.

കുട്ടികൾ അവർക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും എക്‌സിൽ രാജീവ്‌ ചന്ദ്രശേഖർ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments