ന്യൂയോർക്ക് : വരുന്ന വർഷം നടക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിവേക് രാമസ്വാമിക്ക് (40) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ. വിവേക് ഒഹായോയുടെ മഹാനായ ഗവർണറാകുമെന്നും തന്റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
‘എനിക്ക് വിവേകിനെ നന്നായി അറിയാം, ഞാൻ അദ്ദേഹത്തോട് മത്സരിച്ചിട്ടുണ്ട്, അദ്ദേഹം ഒരു പ്രത്യേക വ്യക്തിയാണ്. യുവത്വമുള്ള, ശക്തനും ബുദ്ധിമാനുമായ വളരെ നല്ല വ്യക്‌തിയാണ്. വിവേക് യുഎസിനെ ആത്മാർഥമായി സ്‌നേഹിക്കുന്നു. നിങ്ങളുടെ അടുത്ത ഗവർണർ എന്ന നിലയിൽ, സമ്പദ്‌വ്യവസ്ഥയെ വളർത്താനും, നികുതികളും നിയന്ത്രണങ്ങളും കുറയ്‌ക്കാനും, മെയ്‌ഡ് ഇൻ യുഎസ്എയെ പ്രോത്സാഹിപ്പിക്കാനും, യുഎസിന്റെ ഊർജ മേധാവിത്വത്തിനായി നിലകൊള്ളാനും, നിലവിൽ വളരെ സുരക്ഷിതമായ നമ്മുടെ അതിർത്തി സുരക്ഷിതമായി നിലനിർത്താനും, കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങൾ തടയാനും, നമ്മുടെ സൈന്യത്തെയും മുൻ സൈനികരെയും ശക്തിപ്പെടുത്താനും, നിയമവാഴ്ച ഉറപ്പാക്കാനും, തിരഞ്ഞെടുപ്പിലെ സത്യസന്ധത ഉറപ്പാക്കാനും, എല്ലായ്‌പ്പോഴും ഭീഷണി നേരിടുന്ന നമ്മുടെ രണ്ടാം ഭേദഗതിയെ സംരക്ഷിക്കാനും വിവേക് അക്ഷീണം പോരാടും’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞവർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിവേക് മത്സരിക്കാനിറങ്ങിയെങ്കിലും പിന്നീട് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

