ന്യൂഡല്‍ഹി: എന്തായിരിക്കും ഭാവി എന്നതില്‍ നമുക്കാര്‍ക്കും വ്യക്തതയില്ലെന്നും ട്രംപിനുപോലും അദ്ദേഹം നാളെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലെന്നും ചില കാര്യങ്ങളിൽ അദ്ദേഹം പകച്ചു നിൽക്കുകയാണെന്നും അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞതാണ് ആധുനിക ലോകമെന്നും ഇന്ത്യന്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. മധ്യപ്രദേശിലെ ടിആര്‍എസ് കോളേജ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപേന്ദ്ര ദ്വിവേദി. സുരക്ഷാ രംഗം, സൈബര്‍ യുദ്ധം എന്നിവയില്‍ ഇനി വെല്ലുവിളികള്‍ ശക്തവും വേഗത്തിലുമായിരിക്കും. അനിശ്ചിതത്വം, അവ്യക്തത, അസ്ഥിരത, സങ്കീര്‍ണത എന്നിവയായിരിക്കും വരും കാല വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.
ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ ഒന്നിനുപുറമേ ഒന്നായി അതിവേഗം ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലെ സുരക്ഷാ വെല്ലുവിളികള്‍, ഭീകരവാദം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്ക്കു പുറമേ ബഹിരാകാശ യുദ്ധം, രാസ-ജൈവ റേഡിയോളജിക്കല്‍ യുദ്ധമുറകള്‍, വിവര സാങ്കേതിക യുദ്ധങ്ങള്‍ പുതിയ കാലത്ത് സൈന്യം നേരിടുന്ന വെല്ലുവിളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

