കുർണൂൽ (ആന്ധ്രപ്രദേശ്) : ആന്ധ്രപ്രദേശിലെ കുർണൂലിൽ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് വോൾവോ ബസിന് തീപിടിച്ചു. 40 പേരുമായി ഹൈദരാബാദിൽനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിയമർന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 20 പേർക്ക് ജീവഹാനി സംഭവിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കാം.
അപകടത്തിൽപ്പെട്ട ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങുകയും ഇതിൽനിന്ന് തീപ്പൊരി ഉയർന്നത് വലിയ തീപ്പിടിത്തിന് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം. എ.സി ബസായതിനാൽ ആളുകൾക്ക് ചില്ലുതകർത്ത് പുറത്തിറങ്ങേണ്ട സാഹചര്യമായിരുന്നു. ഇത്തരത്തിൽ പുറത്തെത്തിയ 15 പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൂർണമായും കത്തിനശിച്ചു.
സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തോട് അനുശോചനം അറിയിച്ച മുഖ്യമന്ത്രി, പരിക്കറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

