ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിന് നേരെ ഇറാൻ 400 ൽ അധികം മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈൽആക്രമണത്തിന് മുമ്പ് നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പൊലീസ് വെടിവെച്ചു കൊന്നു. മൂന്നാമതൊരാള്‍ക്കായി തിരിച്ചില്‍ പുരോഗമിക്കുകയാണ്.
ദശലക്ഷകണക്കിന് പൗരന്മാരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിയതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ‘അല്പം മുമ്പ്, ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ജാഗ്രത പാലിക്കാനും ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ഇസ്രായേൽ ജനതയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പൗരന്മാരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഐഡിഎഫ് ചെയ്യുകയാണ്,’ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.മാത്രമല്ല, ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഇസ്രയേൽ സൈന്യം പൂർണസജ്ജമാണെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗറി അറിയിച്ചു. ഇതിനിടെ ബെൻ ഗുരിയൻ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഇസ്രയേല്‍ നിര്‍ത്തിവെച്ചു.
ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു. നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിലെ പൗരന്മാർക്ക് ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യക്ക് പുറമെ അമേരിക്കയടക്കമുള്ള രാജ്യങ്ങളും പൌരന്മാരോട് സുരക്ഷിത സ്ഥാവനത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നിർദ്ദേശം ലഭിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരാനാണ് പൌരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. സ്വയം പ്രതിരോധത്തിന് ഇസ്രായേലിന് എല്ലാ സഹായവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.