Friday, December 5, 2025
HomeEntertainmentകന്നഡ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൂട്ട്

കന്നഡ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൂട്ട്

ബംഗളൂരു: ദക്ഷിണ ബംഗളൂരു ജില്ലയിലെ ബിഡദിയിൽ കന്നഡ റിയാലിറ്റി ഷോ ‘ബിഗ് ബോസി’ന് ആതിഥേയത്വം വഹിക്കുന്ന സ്റ്റുഡിയോ ഉടൻ അടച്ചു പൂട്ടാൻ ഉത്തരവ്. പരിസരം ഗുരുതരമായ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് (കെ.എസ്.പി.സിബി) നടപടി.

വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് (ജോളി വുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്‌സ്) തിങ്കളാഴ്ച ഇത് സംബന്ധിച്ച് ബോർഡ് നോട്ടീസ് നൽകിയിരുന്നു. സ്ഥലത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവെക്കാൻ ഉത്തരവിൽ നിർദേശിച്ചു.

“1974 ലെ ജല (മലിനീകരണ നിയന്ത്രണവും നിയന്ത്രണവും) നിയമവും 1981 ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരം സ്ഥാപനത്തിനുള്ള ആവശ്യമായ അനുമതികളും പ്രവർത്തന സമ്മതവും നേടാതെ, വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കായി പരിസരം ഉപയോഗിക്കുന്നു” എന്ന് ഔദ്യോഗിക പ്രസ്താവനയിൽ ബോർഡ് ചൂണ്ടിക്കാട്ടി.”നിരീക്ഷിക്കപ്പെട്ട ലംഘനങ്ങൾ കണക്കിലെടുത്ത്, പ്രവർത്തനങ്ങൾ ഉടനടി അടച്ചുപൂട്ടാനും നിശ്ചിത കാലയളവിനുള്ളിൽ ഈ ഓഫീസിന് വിശദീകരണം നൽകാനും നിങ്ങളോട് നിർദേശിക്കുന്നു” എന്ന് നോട്ടീസിൽ കൂട്ടിച്ചേർത്തു.

അടച്ചുപൂട്ടൽ ഉത്തരവിന്റെ പകർപ്പുകൾ രാമനഗര ജില്ല ഡെപ്യൂട്ടി കമീഷണർ, ബെസ്കോം മാനേജിങ് ഡയറക്ടർ, രാമനഗര താലൂക്കിലെ എക്സിക്യൂട്ടിവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) എന്നിവർക്ക് നിർദേശം നടപ്പിലാക്കുന്നതിൽ ഏകോപനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പരിസ്ഥിതി നിയമങ്ങൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. നടൻ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ പതിപ്പ് വർഷങ്ങളായി ബിഡദിയിൽ പ്രത്യേകം നിർമിച്ച സെറ്റിലാണ് ചിത്രീകരിക്കന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments