ഫ്ലോറിഡയിലെ പ്രശസ്തമായ ‘ട്രഷർ കോസ്റ്റ്’ തീരദേശത്ത് നിന്ന് ഒരു മില്യൺ ഡോളറിന് മീതെ മൂല്യമുള്ള സ്പാനിഷ് സ്വർണ നാണയങ്ങൾ കപ്പൽ മുങ്ങൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി റിപ്പോർട്ട്. 1715 ഫ്ലീറ്റ് – ക്വീൻസ് ജ്വൽസ് LLC എന്ന രക്ഷാപ്രവർത്തന കമ്പനിയാണ് ബൊളീവിയ, മെക്സിക്കോ, പെറു എന്നീ സ്പാനിഷ് കോളനികളിൽ നിർമ്മിച്ച 1000-ലധികം വെള്ളിയും സ്വർണവുമായ നാണയങ്ങളാണ് ഫ്ലോറിഡയുടെ അറ്റ്ലാന്റിക് തീരത്ത് നിന്ന് ഈ വേനലിൽ കണ്ടെത്തിയത്.
1715-ൽ ഒരു ചുഴലിക്കാറ്റിൽ ഈ അമൂല്യ വസ്തുക്കളുമായി സ്പെയിനിലേക്ക് പോയി കൊണ്ടിരുന്ന കപ്പലുകൾ തകരുകയയായിരുന്നു. യതോടെ ഈ നാണയങ്ങൾ കടലിൽ മുങ്ങി. വർഷങ്ങളായി നിരവധി നിധി വേട്ടക്കാരും രക്ഷാപ്രവർത്തകരും ഇതുപോലുള്ള സ്വർണ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ നാണയങ്ങളിൽ പലതിലും തിയതികളും നിർമ്മാണസ്ഥലങ്ങളുടെയും അടയാളങ്ങൾ കാണാനാകുന്നതായി കമ്പനി അറിയിച്ചു. ഇത് ചരിത്രകാരന്മാർക്കും നാണയ ശേഖരിക്കുന്നവർക്കും പഠനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നവയാണ്.
ഈ നാണയങ്ങൾ വെറും നിധിയല്ല, ചരിത്രം പറയുന്നവയാണ്. ഓരോ നാണയവും അക്കാലത്തെ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും 1000 നാണയങ്ങൾ ഒരുമിച്ച് കിട്ടുന്നത് വളരെ അപൂർവ്വമാണെന്നും തിരച്ചിൽ കമ്പനിയുടെ ഡയറക്ടർ സാൽ ഗുട്ടുസോ പറഞ്ഞു. പണ്ടുതന്നെ, കപ്പലിൽ നിന്ന് നഷ്ടപ്പെട്ട നാണയങ്ങൾ ചിലർ അനധികൃതമായി കൈക്കലാക്കിയതും, ഇതിനുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
ഫ്ലോറിഡയിലെ നിയമപ്രകാരം പൊതു ജലാശായങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള നിധികൾ സർക്കാർ ഉടമസ്ഥതയിലായിരിക്കണം. എന്നാൽ സർക്കാർ അനുമതി നൽകിയ രക്ഷാപ്രവർത്തകർക്ക് കണ്ടെടുത്ത നിധി സംരക്ഷിക്കാനും ഭാഗികമായി ഉപയോഗിക്കാനും അനുമതി ലഭിക്കാം. കണ്ടെത്തുന്ന വസ്തുക്കളുടെ ഏകദേശം 20 ശതമാനം ഗവേഷണത്തിനും പ്രദർശനത്തിനുമായി സർക്കാർ നിലനിർത്തണമെന്നാണ് നിയമം.

