ന്യൂയോർക്ക്: ഗസ്സയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ ലോകരാഷ്ട്രങ്ങളുടെ പിന്തുണ അഭ്യർഥിച്ച് ഫലസ്തീൻ. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6.30ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംസാരിക്കാൻ എഴുന്നേറ്റാൽ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്നാണ് വിവിധ രാജ്യങ്ങൾക്ക് നൽകിയ കത്തിൽ ഫലസ്തീൻ ആവശ്യപ്പെട്ടത്.
കഴിഞ്ഞവർഷം ജനറൽ അസംബ്ലിയിൽ നെതന്യാഹു സംസാരിക്കുന്നതിനിടെ സമാന രീതിയിൽ പ്രതിനിധികൾ ഇറങ്ങിപ്പോയത് വൻ ചർച്ചയായിരുന്നു. ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരായുള്ള പ്രതിഷേധമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇസ്രായേലിന് ഇത് നാണക്കേടായി മാറിയിരുന്നു. ഇതേരീതിയിൽ ഇത്തവണയും പ്രതികരിക്കാനാണ് നീക്കം നടക്കുന്നത്.
നെതന്യാഹുവിന്റെ പ്രസംഗത്തിന് മുമ്പ് പരമാവധി പ്രതിനിധികളെ ജനറൽ അസംബ്ലി ഹാളിലേക്കും സന്ദർശക ഗാലറിയിലേക്കും കൊണ്ടുവരാനും തുടർന്ന് നെതന്യാഹു വേദിയിലേക്ക് കയറുന്നുവെന്ന് ജനറൽ അസംബ്ലി പ്രസിഡന്റ് പ്രഖ്യാപിക്കുന്ന നിമിഷം ഒരുമിച്ച് ഇറങ്ങിപ്പോകാനുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചവരുടെ എണ്ണം 159 ആയി ഉയർന്നിരുന്നു. ഫ്രാൻസ്, യുകെ, കാനഡ, ആസ്ട്രേലിയ, ബെൽജിയം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്.
വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, നിയമവിരുദ്ധ അധിനിവേശം എന്നിവയിൽ പങ്കാളികളാകാൻ ആരും തയ്യാറല്ലെന്ന് നെതന്യാഹുവിനെയും ഇസ്രായേൽ സർക്കാരിനെയും വ്യക്തമായി ബോധ്യപ്പെടുത്തുക എന്നതാണ് ബഹിഷ്‍കരണത്തിന്റെ ലക്ഷ്യം. ഇതിനെതിരെ ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ രംഗത്തുവന്നു.കഴിഞ്ഞവർഷം വാഷിംഗ്ടണ്‍ സന്ദർശിച്ച നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ പുറത്ത് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് യു.എസ് കോൺഗ്രസിന് മുന്നിൽ പ്രതിഷേധിച്ചത്.
അതിനിടെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എസിലേക്കുള്ള യാത്രക്കിടെ നെതന്യാഹു റൂട്ട് മാറ്റി. യുറോപ്യൻ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നെതന്യാഹു യു.എസിലേക്ക് എത്തുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി കരാറുള്ള നിരവധി യുറോപ്യൻ രാജ്യങ്ങൾ നെതന്യാഹു തങ്ങളുടെ അതിർത്തിയിൽ കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽകണ്ട് ഐ.സി.സിയുമായി കരാർ ഒപ്പിട്ടുള്ള രാജ്യങ്ങളെ ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര. ഗ്രീസിനും ഇറ്റലിക്കും സമീപത്ത് കൂടി പറന്ന നെതന്യാഹുവിന്റെ വിമാനം മെഡിറ്റനേറിയൻ കടന്ന അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ജിബ്രാൾട്ടർ കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്നു.
യുറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് നെതന്യാഹു യു.എസിലേക്ക് യാത്ര നടത്തിയത്.2024 നവംബറിലാണ് ഗസ്സ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനും വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടി, വ്യാഴാഴ്ച പുലർച്ചെയാണ് നെതന്യാഹു അമേരിക്കയിലേക്ക് പറന്നത്.

