വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസും പാകിസ്താനും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് വൈറ്റ് ഹൗസില്‍ നേതാക്കളുടെ കൂടിക്കാഴ്ച നടന്നത്. ഇരുവരും മികച്ച നേതാക്കളാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് പറഞ്ഞത്.
‘ഒരു മികച്ച നേതാവ് വരുന്നുണ്ട്, പാകിസ്താന്‍ പ്രധാനമന്ത്രി, അതുപോലെ ഫീല്‍ഡ് മാര്‍ഷല്‍. ഫീല്‍ഡ് മാര്‍ഷല്‍ വളരെ നല്ല വ്യക്തിയാണ്, പ്രധാനമന്ത്രിയും നല്ല വ്യക്തിയാണ്. അവര്‍ വരുന്നുണ്ട്, ഒരുപക്ഷെ ഈ മുറിയില്‍ തന്നെ ഉണ്ടാവാം.’ കൂടിക്കാഴ്ചയ്ക്ക് മൂന്നോടിയായി ട്രംപ് പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന പേരില്‍ ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. തീരുവ ഒഴിവാക്കാന്‍ വ്യാപാര ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായും ഇന്ത്യ അകല്‍ച്ചയിലാണ്. ഇതിനിടെയാണ് ഘട്ടത്തിലാണ് ട്രംപ് പാക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തില്‍ യുഎസ്-പാക് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിലെത്തിയുള്ള കൂടിക്കാഴ്ച.

