വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിരന്തരമായ മാധ്യമവേട്ടയ്ക്കെതിരെ യുഎസിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തെ പ്രശസ്ത അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മൽ തന്റെ ഷോയിൽ ശക്തമായി വിമർശിച്ചിരുന്നു. തുടർന്ന് എബിസി ചാനൽ പരിപാടി അനിശ്ചിതമായി നിർത്തിവച്ചിരുന്നു. ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പരിപാടി നിർത്തിവച്ചത്.
യുഎസ് ഭരണഘടന പ്രകാരം കിമ്മലിനെ പുറത്താക്കിയത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിമർശനമുയർന്നു. വ്യാഴാഴ്ച ബർബാങ്കിലും ന്യൂയോർക്കിലും ഹോളിവുഡിലും നൂറുകണക്കിന് ആളുകളാണ് തെരുവുകളിൽ ഒത്തുകൂടിയത്. കിമ്മിലിന്റെ ഷോ നീക്കം ചെയ്തതിൽ ഇവർ പ്രതിഷേധിച്ചു. ചാനലിന് നിയന്ത്രണ നടപടിയുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് പരിപാടി നീക്കം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ വിമർശിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്ന ആശങ്ക ഉയർന്നു.

