പാലക്കാട്: പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാര്‍. പാലക്കാട് സ്വദേശിയുടെ പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. 2014ൽ ആണ് യുവതി പൊലീസിൽ പീഡന പരാതി നൽകിയത്. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ചു വർഷം മുൻപ് കൃഷ്ണകുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയിൽ ആരോപിക്കുന്നു.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായത് ഉൾപ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുൻനിരയിൽ കൃഷ്ണകുമാറുണ്ട്. എന്നാൽ ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ധാർമികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു.

