ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കി ‘വോട്ട് കൊള്ള’ തെളിവുകൾ സഹിതം പുറത്തുവിട്ടതിനു പിന്നാലെ ജനങ്ങളിലേക്കിറങ്ങി കോൺഗ്രസ്. വോട്ടർമാരെയും രാഷ്ട്രീയ പാർട്ടികളെയും ഞെട്ടിച്ച വെളിപ്പെടുത്തലിനു പിന്നാലെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ തേടി ‘വോട്ട് ചോരി’ പോർട്ടൽ ആരംഭിച്ചാണ് ദേശവ്യാപക പ്രചരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചത്. രാഹുൽ ഗാന്ധി എന്ന വെബ്സൈറ്റ് ഡൊമെയ്ന് അനുബന്ധമായി ‘വോട്ട് ചോരി’ പോർട്ടൽ ആരംഭിച്ചാണ് ജനങ്ങൾക്കിടയിലെ പ്രചാരണത്തിലേക്ക് കോൺഗ്രസ് ചുവടുവെച്ചത്.
ലോക്സഭ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് രാജ്യത്തെ ജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പിന്തുണ നൽകാനുള്ള അവസരവും ഒരുക്കുന്നുണ്ട്. https://rahulgandhi.in/awaazbharatki/votechori എന്ന വെബ്സൈറ്റ് വഴിയാണ് കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഇതോടൊപ്പമുണ്ട്. ഏറ്റവും വലിയ തട്ടിപ്പിനാണ് തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും നേതൃത്വം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നടന്ന അട്ടിമറിയെ ഭരണഘടനക്കെതിരായ കുറ്റകൃത്യമാണെന്നും രാഹുൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളിത്തത്തോടെ ബി.ജെ.പിയുടെ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്ന് രാഹുൽ ആരോപിച്ചു.
പൊതുജനങ്ങൾക്ക് വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകർപ്പുകൾ കാണാനും ഡൗൺ ലോഡ് ചെയ്യാനും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് പിന്തുണ നൽകാനും, വോട്ട് കൊള്ള സംബന്ധിച്ച് സ്വന്തം അനുഭവങ്ങൾ രേഖമുലം പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
09650003420 എന്ന നമ്പറിൽ മിസ് കാൾ അടിച്ച് വോട്ട് കൊള്ളക്കെതിരായ പ്രചാരണത്തിൽ പങ്കുചേരാം. ഉടൻ തന്നെ നന്ദി അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ് സന്ദേശം ആ നമ്പറിൽ ലഭിക്കും. ഇതോടനുബന്ധിച്ച് വോട്ട് കൊള്ളക്കെതിരെ പിന്തുണ അറിയിക്കുന്നതിനൊപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർകെ, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരുടെ ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റും രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിനു പിന്നാലെ, സത്യവാങ് മൂലം തെളിവുകൾ നൽകിയാൽ പരിഗണിക്കാമെന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉറച്ചു നിൽക്കുമ്പോഴാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും പിന്തുണ തേടി ജനങ്ങളിലേക്കിറങ്ങുന്നത്.
രാഹുലിന് പിന്തുണയുമായി ഇൻഡ്യ സഖ്യത്തിലെ കൂടുതൽ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്താശചെയ്യുകവഴി തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്പിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ഈ വിഷയമുയർത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്താനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്റെഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പ്രതിപക്ഷപാർട്ടികളുടെ എം.പിമാർ പ്രതിഷേധമാർച്ച് നടത്തുന്നുണ്ട്

