ഇന്ത്യ-അമേരിക്ക ബന്ധത്തെ അസ്ഥിരപ്പെടുത്തിയ ഏതെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം അടുത്ത കാലത്തെങ്ങാനും ഉണ്ടായിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ അടിക്കടി താരിഫ് വർധന ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ടു വരുന്നത്? ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-യുഎസ് വ്യാപാര കരാർ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി, മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, സമാധാന നൊബേല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പരിശോധിച്ചാല്‍ കൗതുകകരവും ചിലപ്പോഴൊക്കെ വിചിത്രവുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ട്രംപ് സ്വീകരിക്കുന്ന സമീപനത്തിനു പിന്നിലെ മനോവ്യാപാരങ്ങള്‍.
മേയ് ഏഴിലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, ശ്രദ്ധകിട്ടുന്ന ഏത് വേദികളിലും താന്‍ ഇടപെട്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതിന്റെ ഉത്തരവാദിത്വം ട്രംപ് വേദികളായ വേദികളിലെല്ലാം സ്വയമെടുത്തണിഞ്ഞു. ഇന്ത്യ അത് ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും ട്രംപിന്റെ പറച്ചിലിന് മാറ്റമുണ്ടായില്ല. പതിയെപ്പതിയേ ട്രംപ് ഇന്ത്യാ വിരുദ്ധതയിലൂന്നി സംസാരിക്കാന്‍ തുടങ്ങി. അനന്തരം ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വെടിനിര്‍ത്തലിന് ട്രംപിന് പങ്കില്ലെന്ന ഇന്ത്യയുടെ വാദം ട്രംപില്‍ ഒരു ഈഗോ കൂടി വളര്‍ത്തിയിട്ടുണ്ടാകാമെന്ന വിലയിരുത്തലുമുണ്ട്. തുടർന്ന് ട്രംപ് വിഷയത്തെ വ്യക്തിപരമായെടുത്ത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോൾ കാണുന്നത്.
മേയില്‍ ഇന്ത്യ-പാക് വെടിനിര്‍ത്തലിനുള്ള ചര്‍ച്ച നടത്തി എന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞത് ട്രംപിന്റെ ഈഗോയ്ക്ക് ക്ഷതമേല്‍പ്പിച്ചിട്ടുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-പാകിസ്താന്‍, ഇറാന്‍-ഇസ്രയേല്‍, സെര്‍ബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങളെല്ലാം തടയിടുകയോ ലഘൂകരിക്കുകയോ ചെയ്തത് താനാണെന്ന് സ്ഥാപിക്കലാണ് ട്രംപിന്റെ ലക്ഷ്യം. അതുവഴി സമാധാന നൊബേലിലേയ്ക്ക് എത്തിച്ചേരാമെന്ന് ട്രംപ് കരുതുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നൊബേലിന് ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്തുനിന്നും അനുകൂല സമീപനമുണ്ടാകും. ഇന്ത്യയില്‍നിന്നും അത്തരത്തിലൊരു നീക്കം വരണമെന്നാണ് ട്രംപ് ലക്ഷ്യമിട്ടത്. അത് നടക്കാതെ വരുന്നതിലെ ഈര്‍ഷ്യ താരിഫ് കൊണ്ട് തീര്‍ക്കുകയാകാം. യുദ്ധം നിര്‍ത്തിയെന്ന അവകാശവാദം ഇന്ത്യ വകവെച്ചുകൊടുത്താല്‍, താരിഫ് കൊണ്ട് അദ്ദേഹം നടത്തുന്ന യുദ്ധവും അവസാനിക്കും.

