ടൊറന്റോ: ഇന്ത്യയുമായുള്ള വ്യാപാര ബന്ധ ഇടപെടലുകൾ കൂടുതൽ മെച്ചപ്പെടാൻ ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലേക്കുള്ള ഹൈക്കമ്മീഷണർമാരുടെ തിരിച്ചുവരവ് വഴി സാധ്യമാക്കുമെന്ന് കാനഡയിലെ ഫെഡറൽ ഇൻ്റർനാഷണൽ ട്രേഡ് മിനിസ്റ്റർ മനീന്ദർ സിദ്ധു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ എംബസികളിലെ ഹൈക്കമ്മീഷണർമാരുടെ തിരിച്ചുവരവ് സഹായിക്കുമെന്ന് കനേഡിയൻ പ്രസ്സിനോട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഘട്ടം ഘട്ടമായുള്ള സമീപനമാണ് കാനഡ സ്വീകരിക്കുന്നത്. ഇക്കാര്യം വിദേശകാര്യ മന്ത്രി അനിത ആനന്ദും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. ഇതിനെ തുടർന്നാണ് ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ ഒരിടവേളയ്ക്ക് ശേഷം നിയമിക്കുന്നത്.
കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം തുടരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും വ്യക്തമാക്കിയിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന മുൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശങ്ങളെ തുടർന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്.