ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധനയിൽ വോട്ടർമാരെ കൂട്ടത്തോടെ പുറന്തള്ളാനുള്ളതാകരുതെന്നും മറിച്ച് ഉൾപ്പെടുത്താനുള്ളതാകണമെന്നും സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമിപ്പിച്ചു. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് പൗരത്വം തെളിയിക്കാനുള്ള രേഖകളായി ആധാർ കാർഡും വോട്ടർ ഐ.ഡി കാർഡും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
അതേസമയം, ആഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയുടെ പ്രസിദ്ധീകരണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സ്റ്റേ അനുവദിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും നിയമവിരുദ്ധമായി വല്ലതും കണ്ടാൽ വോട്ടർപട്ടിക തന്നെ റദ്ദാക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹരജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡുകൾ സ്വീകരിക്കണമെന്ന അഭിപ്രായം സുപ്രീംകോടതി പ്രകടിപ്പിച്ചിട്ടും അതു തള്ളിക്കളഞ്ഞ കമീഷന്റെ നിലപാട് സുപ്രീംകോടതി ചോദ്യം ചെയ്തു. ആധാർ കാർഡുകളും വോട്ടർ ഐ.ഡി കാർഡുകളും റേഷൻ കാർഡുകളും വ്യാജമായി ഉണ്ടാക്കിയിട്ടുണ്ടെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ എതിർവാദം കോടതി തള്ളി.
കമീഷൻ നിർദേശിച്ച 11 രേഖകളും വ്യാജമായി ഉണ്ടാക്കാമെന്ന് ജസ്റ്റിസ് എ. സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യാജ രേഖകളുണ്ടാക്കുന്നത് മറ്റൊരു വിഷയമാണ്. അതിനാൽ ആധാറും വോട്ടർ ഐ.ഡി കാർഡും കൂടി കമീഷൻ ഉൾപ്പെടുത്തണം.
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ബിഹാറിലെ 4.9 കോടി വോട്ടർമാർ രേഖകൾ സമർപ്പിക്കാൻ പ്രയാസത്തിലാകുമെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ബോധിപ്പിച്ചപ്പോൾ തെറ്റുണ്ടെന്ന് തോന്നിയാൽ എല്ലാ പ്രക്രിയയും തങ്ങൾ റദ്ദാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. അതിനെല്ലാം തയാറായിരിക്കാൻ കമീഷനോട് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെടുകയും ചെയ്തു.

