വാഷിംഗ്ടൺ: നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും തെരുവിൽ നിന്ന് ഭവനരഹിതരെ മാറ്റുന്നത് എളുപ്പമാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജൂലൈ 24ന് ഒപ്പുവെച്ചു. ഭവനരഹിതരെയും അനധികൃത ക്യാമ്പുകളിൽ താമസിക്കുന്നവരെയും തെരുവുകളിൽ നിന്ന് മാറ്റി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രാദേശിക, സംസ്ഥാന സർക്കാരുകൾക്കുള്ള തടസങ്ങൾ നീക്കുന്നതിന് നിലവിലുള്ള ഫെഡറൽ, സംസ്ഥാന നിയമപരമായ കീഴ്വഴക്കങ്ങളും കൺസന്‍റ് ഡിക്രികളും റദ്ദാക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ട്രംപ് ഉത്തരവിലൂടെ നിർദേശിച്ചു.
ഭവനരഹിതരായ ആളുകളെ പുനരധിവാസ, ചികിത്സാ കേന്ദ്രങ്ങളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും മാറ്റുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ ഫണ്ടുകൾ വഴിതിരിച്ചുവിടാനും ലക്ഷ്യമിടുന്നു. എത്ര പണം ഇതിനായി വകയിരുത്തുമെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസ് അമേരിക്കൻ തെരുവുകളിലെ കുറ്റകൃത്യങ്ങളും അരാജകത്വവും അവസാനിപ്പിക്കുന്നു എന്നാണ് ഉത്തരവിന് പേരിട്ടിരിക്കുന്നത്.
തുറന്ന മയക്കുമരുന്ന് ഉപയോഗം, നഗരത്തിലെ ക്യാമ്പിംഗ്, കൂട്ടംകൂടി നിൽക്കൽ, നഗരത്തിലെ കൈയേറ്റം എന്നിവ നിരോധിക്കുകയും ലൈംഗിക കുറ്റവാളികളുടെ സ്ഥാനം നിരീക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും ഫെഡറൽ ഗ്രാന്‍റുകൾക്ക് മുൻഗണന നൽകാൻ ആരോഗ്യ, മാനുഷിക സേവനങ്ങൾ, ഭവന, നഗര വികസനം, ഗതാഗതം എന്നിവയുടെ സെക്രട്ടറിമാരുമായി ചേർന്ന് ബോണ്ടി പ്രവർത്തിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

