Friday, December 5, 2025
HomeIndia'വെസ്‌റ്റ് ആര്‍ക്‌ടിക്ക' എന്ന രാജ്യത്തിന്റെ പേരില്‍ യുപിയിൽ എംബസി: വ്യാജ എംബസി 'അംബാസഡറെ' പിടികൂടി...

‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ യുപിയിൽ എംബസി: വ്യാജ എംബസി ‘അംബാസഡറെ’ പിടികൂടി യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്

ഡല്‍ഹി: ലോകത്ത്‌ അധികമാരും കണ്ടിട്ടോ കേട്ടിട്ടോ അംഗീകരിച്ചിട്ടോയില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി.

ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്‌.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ്‌ പിടിയിലായത്‌. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ്‌ ‘അംബാസഡര്‍’ക്ക്‌ പിടിവീണത്‌.

എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. 18 നയതന്ത്ര നമ്പർ പ്ലേറ്റുകള്‍, 12 നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ പണം, വിദേശ കറന്‍സി, ആഡംബര വാച്ച്‌ ശേഖരം എന്നിവയും ഇവിടെനിന്നു കണ്ടെടുത്തു.

ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്ക് എടുത്താണ്‌ ജെയിന്‍ എംബസി നടത്തിയിരുന്നത്‌. എംബസി’ക്ക്‌ പുറത്ത്‌ ഭണ്ഡാരകള്‍ (സ്‌നേഹ വിരുന്ന്‌) ഉള്‍പ്പെടെയുള്ള പരിപാടികളും ജെയിന്‍ സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്‌ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും ഉപയോഗിച്ചിരുന്നു.

‘ആള്‍ദൈവം’ ചന്ദ്രസ്വാമിയുമായും സൗദി ആയുധ വ്യാപാരി അദ്‌നാന്‍ ഖഷോഗിയുമായും അടുത്ത ബന്ധമുണ്ടെന്ന്‌ സൂചിപ്പിക്കുന്ന ജെയിനിന്റെ ഫോട്ടോകളും അന്വേഷണസംഘം കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധത്തിന്‌ ധനസഹായം നല്‍കിയെന്നടക്കമുള്ള ആരോപണങ്ങള്‍ നേരിട്ട ചന്ദ്രസ്വാമിയെപ്പോലുള്ളവരുമായുള്ള ഇയാളുടെ സൗഹൃദം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായാണ്‌ എടുക്കുന്ന്‌.

നിയമവിരുദ്ധമായി സാറ്റലൈറ്റ്‌ ഫോണ്‍ കൈവശം വച്ചതിന്‌ 2011ല്‍ ഇയാള്‍ക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പിടിവീഴുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ്, വെസ്‌റ്റാര്‍ക്കിറ്റിക്കയുടെ ഔദ്യോഗിക ഇന്‍സ്‌റ്റാഗ്രാം ഹാന്‍ഡില്‍ അവരുടെ ‘കോണ്‍സുലേറ്റ്‌-ജനറല്‍ ഇന്‍ ന്യൂഡല്‍ഹി’യുടെ ഫോട്ടോകള്‍ പങ്കിട്ടിരുന്നു.

യു.എസ്‌ നാവികസേനയിലെ ഉദ്യോഗസ്‌ഥനായിരുന്ന ട്രാവിസ്‌ മക്‌ഹെന്റി 2001ലാണ്‌ ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യം സ്‌ഥാപിച്ചത്‌. രാജ്യത്തിന്റെ ഗ്രാന്‍ഡ്‌ ഡ്യൂക്കായി ട്രാവിസ്‌ സ്വയം പ്രഖ്യാപിച്ചു. അന്റാര്‍ട്ടിക്കയില്‍ സ്‌ഥിതി ചെയ്യുന്നുവെന്ന്‌ പറയപ്പെടുന്ന വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ വിസ്‌തീര്‍ണ്ണം 6,20,000 ചതുരശ്ര മൈല്‍ ആണെന്നാണ്‌ മക്‌ഹെന്റി അവകാശപ്പെടുന്നത്‌. രാജ്യത്ത്‌ 2,356 പൗരന്മാരുണ്ടെന്നും ഇയാള്‍ പറയുന്നു. സ്വന്തമായി ഒരു പതാകയും കറന്‍സിയും ഉണ്ടെങ്കിലും ലോകത്ത്‌ ഒരു രാജ്യവും ഈ രാജ്യത്തെ അംഗീകരിച്ചിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments