ഓപ്പണ്‍ എഐയുടെ ജീവനക്കാരെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള മെറ്റയുടെ തീവ്ര ശ്രമങ്ങള്‍ കമ്പനി മേധാവി സാം ഓള്‍ട്ട്മാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. ഇത് ഇരു കമ്പനികള്‍ തമ്മിലുള്ള വൈരം വര്‍ധിപ്പിച്ചിരിക്കുന്നു. തങ്ങളുടെ ജീവനക്കാരെ കയ്യടക്കാനുള്ള മെറ്റയുടെ തന്ത്രങ്ങളെ അരോചകമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഓള്‍ട്ട്മാന്‍. തിങ്കളാഴ്ച ജീവനക്കാര്‍ക്കയച്ച സന്ദേശത്തിലാണ് അദ്ദേഹം മെറ്റയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ജീവനക്കാരെ കണ്ടെത്താനുള്ള മെറ്റയുടെ ഈ ശ്രമങ്ങള്‍ അവരെ വലിയ സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് ഓള്‍ട്ട്മാന്‍ പറഞ്ഞു.
അടുത്തിടെയാണ് മെറ്റ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ടീമിന് തുടക്കമിട്ടത്. സ്‌കെയില്‍ എഐ സ്ഥാപകന്‍ അലക്‌സാണ്ടര്‍ വാങിന്റെയും ഗിറ്റ്ഹബ്ബ് സിഇഒ നാറ്റ് ഓഫ്രൈഡ്മാന്റേയും നേതൃത്വത്തിലണ് മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സ് എന്ന പേരില്‍ പുതിയ വിഭാഗത്തിന് തുടക്കമിട്ടത്. ടീമിനെ വളര്‍ത്തുന്നതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ആന്ത്രോപിക്ക്, ഗൂഗിള്‍ ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നായി പത്തിലേറെ ഉന്നത എഐ ഗവേഷകരെയാണ് മെറ്റ തങ്ങളുടെ ഭാഗമാക്കിയത്. ഷെന്‍ജിയ ഷാവോ, ഷുചാവോ ബൈ, ജിയാഹുയി യു, ഹോങ്‌യു റെന്‍ ഉള്‍പ്പടെയുള്ളവരാണ് ഓപ്പണ്‍ എഐയില്‍ നിന്ന് പോയത്.
ആരോ നമ്മുടെ വീട്ടില്‍ കടന്നുകയറി എന്തോ മോഷ്ടിച്ചത് പോലെ തോന്നുന്നുവെന്നാണ് തങ്ങളുടെ ജീവനക്കാരെ കൊണ്ടു പോയതിനെ കുറിച്ച് ഓപ്പണ്‍ എഐ ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ പറഞ്ഞത്.എന്നാല്‍ കമ്പനിയില്‍ ജീവനക്കാര്‍ പോയതിനെ നിസാരവത്കരിക്കുന്ന മട്ടിലാണ് ഓള്‍ട്ട്മാന്‍ പ്രതികരിച്ചത്. മെറ്റയ്ക്ക് കുറച്ച് നല്ല ആളുകളെ കിട്ടിയെന്നത് ശരിയാണ്. പക്ഷെ, തങ്ങളുടെ മികച്ച പ്രതിഭകളെ അവര്‍ക്ക് കിട്ടിയിട്ടില്ലെന്നും ഓപ്പണ്‍ എഐക്ക് അത്ര പ്രധാനമല്ലാത്ത താഴെ നിരയിലുള്ള ജീവനക്കാരെ മാത്രമാണ് ലഭിച്ചതെന്നും ഓള്‍ട്ട്മാന്‍ പറയുന്നു. ഇതൊടാപ്പമാണ് മെറ്റയുടെ നിയമനരീതി അരോചകമായി തോന്നുന്നുവെന്ന് ഓള്‍ട്ട്മാന്‍ വിമര്‍ശിച്ചത്.
മറ്റ് കമ്പനികളിലെ ജീവനക്കാരെ ആകര്‍ഷിക്കാനായി നാല് വര്‍ഷത്തേക്ക് 30 കോടി ഡോളര്‍ (ഏകദേശം 2500 കോടി രൂപയില്‍ അധികം) വരെ മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എഐയിലെ പത്ത് ജീവനക്കാര്‍ക്കെങ്കിലും ഇത്തരത്തില്‍ മെറ്റ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് വയേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഈ തുകയുടെ വലിയൊരു ഭാഗം ആദ്യ വര്‍ഷം തന്നെ നല്‍കും.