തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതിക്ക് പരിഹാരം. യൂറോളജി ശസ്ത്രക്രിയക്കുള്ള ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഉപകരണങ്ങൾ എത്തിയതോടെ മാറ്റിവെച്ചവരുടെ ശസ്ത്രക്രിയ പുനരാരംഭിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.
അതേസമയം, ഡോ. ഹാരിസ് ചിറക്കലിന്‍റെ തുറന്നുപറച്ചിലിൽ വൻ പ്രതിരോധത്തിലായതോടെ രൂപവത്കരിച്ച നാലംഗ അന്വേഷണ സമിതി അന്വേഷണം തുടങ്ങി. എല്ലാം തുറന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറക്കലിന്‍റെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്.
ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം, മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ സമിതിയാണ് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
മൊഴിയിൽ ഉറച്ചുനില്‍ക്കുകയാണെന്നും ഒരു വര്‍ഷമായി ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കാണെന്നും വിദഗ്ധസമിതിയെ ഹാരിസ് അറിയിച്ചു. എന്നാല്‍, ഹാരിസിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ പിന്തുണച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രമെന്നാണ് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയെ അറിയിച്ചത്. സൂപ്രണ്ടും പ്രിന്‍സിപ്പലും ഹാരിസിന്‍റെ വാദം തള്ളി മൊഴി നല്‍കി. രേഖകള്‍ മുഴുവന്‍ വിലയിരുത്തിയ ശേഷം വിദഗ്ധസംഘം വീണ്ടും തെളിവെടുപ്പിനെത്തും.
അതേസമയം, യൂറോളജി വകുപ്പില്‍ തിങ്കളാഴ്ച നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മുടക്കം കൂടാതെ നടന്നുവെന്നാണ് വിവരം. മറ്റു വകുപ്പുകളിലെ അവസ്ഥകൂടി സമിതി പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളജിലേക്ക് വന്നാൽ എല്ലാം ഓകെ ആണെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ കെ.എച്ച്.ആർ.ഡബ്ല്യൂ.എസിന്‍റെ ഒരു കാത്ത് ലാബ് എട്ടു മാസമായി പ്രവർത്തിക്കുന്നില്ല. അറ്റകുറ്റപ്പണി നടക്കാത്തതാണ് കാരണം. മാസ്റ്റർപ്ലാനിന്‍റെ ഭാഗമായുള്ള എം.ആർ.ഐ സ്കാൻ യന്ത്രത്തിന്‍റെ പ്രവർത്തനവും തുടങ്ങിയിട്ടില്ല.
ഉപകരണങ്ങൾ ഇല്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കലിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വലിയ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചത്. എഫ്.ബി. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച ആരോഗ്യ വകുപ്പും മന്ത്രി വീണ ജോർജും ആരോപണം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

