ആലപ്പുഴ: വിദ്യാർഥികളുടെ ഉന്നതപഠനത്തിനും ഗവേഷണത്തിനും അധ്യാപകരെ കൈമാറ്റം ചെയ്യുന്നതിനുമായി കേരളത്തിലെ ആറു സർവകലാശാലകളും 40 രാജ്യങ്ങളിലെ 47 സർവകലാശാലകളും തമ്മിൽ കരാറായി. അമേരിക്ക, യുകെ, കൊറിയ, റഷ്യ, ഓസ്ട്രേലിയ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ഇതിലുൾപ്പെടുന്നു.
കരാർപ്രകാരം വിദ്യാർഥികളുടെയും അധ്യാപകരുടെയും പഠനച്ചെലവു വഹിക്കേണ്ടത് അതതു സർവകലാശാലകളാണ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം കേരളത്തിലെ സർവകലാശാലകൾക്ക് ഇതിനു കഴിയാത്ത സ്ഥിതിയാണ്. സ്വന്തമായി സാമ്പത്തിക സമാഹരണം നടത്തുന്നതിനും സാധിക്കുന്നില്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്കു (കുസാറ്റ്) മാത്രമാണ് ഇക്കാര്യത്തിൽ കാര്യമായി മുന്നേറാനായത്.
അടുത്തിടെ ജർമൻ സർവകലാശാലയിൽനിന്ന് രണ്ട് അധ്യാപകർ കണ്ണൂർ സർവകലാശാലയിലെത്തി വിദ്യാർഥികളെ ജർമൻഭാഷ പഠിപ്പിച്ചിരുന്നു. വന്നവർ സ്വയം ചെലവു വഹിക്കുകയായിരുന്നു.
റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബർഗ് ഇലക്ട്രോ ടെക്സിക്കൻ സർവകലാശാലയുമായി കുസാറ്റ് കരാറുണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ ന്യൂ ജനറേഷൻ ഇലക്ട്രോണിക്സ് കംപോണന്റ് ബേസ് എന്ന ഇരട്ട ബിരുദ എംഎസ് പ്രോഗ്രാം തുടങ്ങി. ആദ്യവർഷം കുസാറ്റിലും രണ്ടാംവർഷം റഷ്യയിലുമാണ് പഠനം പൂർത്തിയാക്കുക. ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് സർവകലാശാലയുമായും സമാന കരാറുണ്ടാക്കി എംബിഎ പഠിപ്പിക്കുന്നു. പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലെ പരിശീലനത്തിനും സൗകര്യമുണ്ടാകും.
നാനോ മേഖലയിലെ ഗവേഷണങ്ങൾക്ക് എംജി സർവകലാശാലയ്ക്ക് വിദേശ സർവകലാശാലയുമായി കരാറുണ്ട്. ഭാഷാഗവേഷണം ഉൾപ്പെടെയുള്ളവയിൽ സംസ്കൃത സർവകലാശാല സെൻട്രൽ യൂറോപ്യൻ സർവകലാശാലയുമായി കരാറുണ്ടാക്കിയെങ്കിലും വേണ്ടത്ര ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ജർമനിയിലെ ടുബിംഗൻ സർവകലാശാലയുമായി കരാറുണ്ടാക്കിയ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയുടെ അവസ്ഥയും ഇതാണ്.
സർവകലാശാല, കരാറുള്ള വിദേശ സർവകലാശാലകളുടെ എണ്ണത്തിൽ കേരള- 22, എംജി- 10, കണ്ണൂർ- 7, കുസാറ്റ്-4, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല- 3, തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല- ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ
വിദേശ സർവകലാശാലകളുമായുള്ള കരാറിലൂടെ വിദ്യാർഥികൾക്ക് ലോകനിലവാരത്തിൽ പഠിക്കാൻ അവസരമുണ്ടാകും. ചുരുങ്ങിയ ചെലവിൽ മികച്ച വിദേശ സർവകലാശാലയിൽ പഠിക്കാം. അവിടെ ജോലി തേടാനുള്ള സൗകര്യവും കിട്ടും.