വാഷിംഗ്ടൺ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കെ അമേരിക്കയിലെമ്പാടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേലിനുമെതിരെ പ്രതിഷേധം ശക്തം. വൈറ്റ് ഹൗസിന് പുറത്തും ന്യൂയോർക്ക് സിറ്റി, മാൻഹാട്ടൻ എന്നിവിടങ്ങളിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങൾ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ഹാൻഡ്‌സ് ഓഫ് ഇറാൻ’, വംശഹത്യക്ക് പണം നൽകുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.
അതേസമയം, സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കെ ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്‌കോവ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സെൻ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.