വാഷിംഗ്ടണ്‍: ഇറാനും ഇസ്രയേലും തമ്മിൽ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ ഇടപെടൽ പല സംഘർഷഭരിത രാജ്യങ്ങൾക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് വ്യാപാരം ഉപയോഗിച്ചുവെന്ന തന്‍റെ വാദവും ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
എന്നാൽ, ട്രംപിന്‍റെ ഈ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (DGMOs) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് ഉണ്ടായതെന്നും വ്യാപാരം ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
സെർബിയയും കൊസോവോയും, ഈജിപ്തും എത്യോപ്യയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളിൽ സമാധാനം സ്ഥാപിച്ചതിനെയും ട്രംപ് ഉദാഹരിച്ചിട്ടുണ്ട്. താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിനൊന്നും ഒരിക്കലും തനിക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനും ഇസ്രായേലും ഒരു കരാറുണ്ടാക്കണം, ഉണ്ടാക്കും. താൻ ഇന്ത്യയെയും പാകിസ്ഥാനെയും കൊണ്ട് ചെയ്യിച്ചത് പോലെ, ആ സാഹചര്യത്തിൽ യുഎസുമായുള്ള വ്യാപാരം ഉപയോഗിച്ച് യുക്തിയും ഐക്യവും വിവേകവും കൊണ്ടുവന്നുകൊണ്ട്, പെട്ടെന്ന് ഒരു തീരുമാനമെടുക്കാനും നിർത്താനും കഴിവുള്ള രണ്ട് മികച്ച നേതാക്കളുമായി ഞാൻ അത് സാധ്യമാക്കി എന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു.
കൂടാതെ, തന്‍റെ ആദ്യ ടേമിൽ സെർബിയയും കൊസോവോയും പതിറ്റാണ്ടുകളായി ചൂടേറിയ പോരാട്ടത്തിലായിരുന്നു. ഈ ദീർഘകാല സംഘർഷം ഒരു യുദ്ധമായി പൊട്ടിപ്പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. താൻ അത് തടഞ്ഞു. ഈജിപ്തും എത്യോപ്യയും തമ്മിൽ ഒരു വലിയ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കമാണ് മറ്റൊരു കേസ്, അത് മഹത്തായ നൈൽ നദിക്ക് ഭീഷണിയായിരുന്നു. തന്‍റെ ഇടപെടൽ കാരണം ഇപ്പോൾ സമാധാനമുണ്ട്. അങ്ങനെതന്നെ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതുപോലെ, ഇസ്രായേലും ഇറാനും തമ്മിൽ ഉടൻ സമാധാനമുണ്ടാകും. നിരവധി കോളുകളും മീറ്റിംഗുകളും ഇപ്പോൾ നടക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒന്നിനും തനിക്ക് അംഗീകാരം ലഭിക്കാറില്ല, പക്ഷെ സാരമില്ല, ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. മിഡിൽ ഈസ്റ്റിനെ വീണ്ടും മഹത്തരമാക്കൂ എന്നും ട്രംപ് പറഞ്ഞു.