Thursday, July 3, 2025
HomeNewsകെനിയ ബസ്സപകടം: അഞ്ചു മലയാളികൾ മരണപ്പെട്ടു; മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കെനിയ ബസ്സപകടം: അഞ്ചു മലയാളികൾ മരണപ്പെട്ടു; മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.

നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷന്‍, ലോകകേരളസഭാ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിന് എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം.

അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി പി രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒന്നരയും ഏഴും വയസുള്ള കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. 27 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഘത്തിലുണ്ടായിരുന്നത് 14 മലയാളികളാണ്. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ടതോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ റിയ ആൻ, ഏഴ് വയസ്സുള്ള മകൾ ടൈറ റോഡ്രിഗസ് എന്നിവർ അപകടത്തിൽ മരിച്ചു. റിയയുടെ ഭർത്താവും മകനും പരിക്കേറ്റ് ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശി ഗീത ഷോജിയാണ് മരിച്ച മറ്റൊരു മലയാളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments