Friday, July 4, 2025
HomeNewsകെനിയയിൽ വാഹനാപകടം: മലയാളികൾ ഉൾപ്പടെ ആറു പേർക്ക് ദാരുണാന്ത്യം

കെനിയയിൽ വാഹനാപകടം: മലയാളികൾ ഉൾപ്പടെ ആറു പേർക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ നിന്നും കെനിയയിലെത്തിയ​ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചതായി സൂചന. എന്നാൽ, ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരിലും നിരവധി മലയാളികളുണ്ട്​. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ​കെനിയൻതലസ്​ഥാനമായ നയ്​റോബിയിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്​ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്​. പാലക്കാട് ജില്ലയിൽ നിന്നുള്ള ജോയൽ, മകൻ ​​ട്രാവിസ്​ എന്നിവരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയലിൻെറ ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും പരിക്കുണ്ട്​. എന്നാൽ ഇവരുടെ പരിക്കിൻെറ ഗുരുതരവസ്ഥയെക്കുറിച്ചോ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ വിവരം ലഭ്യമല്ല.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു​. ഭാര്യ ജെസ്ന കുറ്റിക്കാട്ട്ചാലിൽ, മകൾ റൂഹി മെഹറിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റുവെങ്കിലും അവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ പരിക്കിൻെറ ഗുരുതരാവസ്ഥയെ കുറിച്ചോ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

തിങ്കളാഴ്​ച പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെയാണ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ ഖത്തറിൽ നിന്നുള്ള 28 പേരുടെ സംഘം സഞ്ചരിച്ച ബസ്​ അപകടത്തിൽപെട്ടത്​. കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്​ യാത്രാ സംഘത്തിലുണ്ടായിരുന്നത്​. ആശുപത്രിയിൽ പ്രവേശിക്ക​പ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള ​അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്​. രാവിലെയോടെ ഖത്തറിൽ നിന്നും ​​ട്രാവൽ ഏജൻസി പ്രതിനിധികളും സ്​ഥലത്തെത്തിയിട്ടുണ്ട്​. നയ്​റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ്​ അപകടം നടന്നത്​.

അപകടത്തിൽ ആറുപേർ മരിച്ചതായാണ്​ പ്രാദേശിക മാധ്യമ റിപ്പോർട്ട്. മരണപ്പെട്ടവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. കനത്തവിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ​ഹൈ​വേയിൽ വെച്ച്​ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ്​ തെന്നിനീങ്ങി താഴ്​ചയിലേക്ക്​ മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ബസിൻെറ മേൽകൂരകൾ തകർന്ന നിലയിലാണ്​ താഴെ പതിച്ചത്​. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദയാത്രാ സംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. ​ബുധനാഴ്​ച ദോഹയിൽ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments