പാലക്കാട്: അമ്മ ആര്‍.എസ്.എസിന് വാഗ്ദാനം ചെയ്ത ഭൂമി തിരിച്ചെടുത്ത് ഉമ്മൻചാണ്ടി ട്രസ്റ്റിന് നൽകാൻ തീരുമാനിച്ചതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ചെത്തല്ലൂരിലെ വീടിനോട് ചേർന്ന ആറ് സെന്റ് സ്ഥലമാണ് കൈമാറുക.
ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ ചേർന്ന ഉടൻ സന്ദീപ് വാര്യർ പറഞ്ഞിരുന്നു. ‘തന്റെ അമ്മ മരിക്കുന്നതിന് മുമ്പ് നല്‍കിയ വാക്കാണത്. ആ വാക്കില്‍ നിന്ന് താന്‍ പിന്മാറില്ല. അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അക്കാര്യങ്ങള്‍ ചെയ്യാന്‍ ഞാൻ തയ്യാറാണ്. ഒരു വര്‍ഷം കാത്തിരിക്കും. അതിനുള്ളില്‍ ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കും’ -എന്നായിരുന്നു സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാൽ, ഭൂമി രജിസ്റ്റർ ചെയ്യാൻ ആർ.എസ്.എസ് വിമുഖത പ്രകടിപ്പിച്ചതോടെയാണ് ഉമ്മൻചാണ്ടി ട്രസ്റ്റിന് നൽകാൻ തീരുമാനിച്ചതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കെട്ടിടനിർമാണം ഉൾപ്പെടെ തുടങ്ങും.
ജീവനുള്ള കാലം വരെ ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുമെന്നും എന്ത് സംഭവിച്ചാലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ചേർന്നതുമുതൽ ആർ.എസ്.എസിനും ബി.ജെ.പിക്കും സംഘ് പരിവാറിനും എതിരെ കടുത്ത വിമർശനമാണ് സന്ദീപ് ഉന്നയിക്കുന്നത്. തനിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തുന്ന വ്യക്തിപരമായ വിമർശനങ്ങൾക്ക് മറുപടി പറയണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണെന്നും ഇനി അതുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘
കുറെ ആയല്ലോ നിങ്ങളുടെ വ്യക്തി അധിക്ഷേപം തുടങ്ങിയിട്ട്. പറയുന്ന ഓരോ കാര്യത്തിനും മറുപടി ഇല്ലാത്തോണ്ടല്ല, മറുവശത്തു പലരും ബുദ്ധിമുട്ടും എന്നുള്ളത് കൊണ്ട് മാനുഷിക പരിഗണന നൽകി വിട്ടതാണ്. ഇനി അതുണ്ടാവില്ല’ -സന്ദീപ് വാര്യർ പറഞ്ഞു.
വെറുപ്പിന്റെ ഫാക്ടറിയിൽ തുടരുന്നവരുടെ പരിഹാസങ്ങൾക്ക് ഉള്ളിത്തൊലിയുടെ വില പോലും നൽകുന്നില്ലെന്നും വെറുപ്പിന്റെ പക്ഷംവിട്ട തനിക്ക് ഒരാളിൽ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘വിദ്വേഷത്തിന്റെ ഫാക്ടറിയിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ ഞാൻ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ്, ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം. ശരിയാണ്. ഒരുപാട് നാൾ, എന്തിനെന്ന് പോലുമറിയാതെ ഞാൻ ആരിൽ നിന്നാണോ അകന്നു നിന്നത്, അവരെ തന്നെയാണ് ഇന്ന് കൂടുതലായി ഞാൻ കാണാൻ പോകുന്നത്. അവരോടൊപ്പം തന്നെ സമയം ചിലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അറിയാതെ ചെയ്ത പോയൊരു തെറ്റിൽ നിന്നും, ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാള സമൂഹത്തിന്റെ കഥ, സേതുമാധവനിലൂടെ ലോഹിതദാസ് വരച്ചിട്ടിട്ടുണ്ട്. പക്ഷെ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ…. വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന എനിക്ക്, ഇന്നാട്ടിലെ ‘മനുഷ്യരിലെ’ ഒരാളിൽ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ല. ആരെയാണോ ഞാൻ അകറ്റി നിർത്താൻ ശ്രമിച്ചത്. അവർ തന്നെയാണ് ഒരുപാടധികം സ്നേഹാശ്ലേഷങ്ങളുമായി എന്നെ പൊതിഞ്ഞു പിടിക്കുന്നത്. അവർ അടങ്ങുന്ന മനുഷ്യർ എന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയാൻ ഇന്ന് ഞാൻ കഷ്ടപ്പെടുകയാണ്. തെറ്റ് തിരുത്താനും, ഒത്തിരി മനുഷ്യരാൽ സ്നേഹിക്കപ്പെടാനും അവസരം തന്ന കോൺഗ്രസിന്‍റെയും സ്നേഹമെന്ന നൂലിനാൽ ബാപ്പുജി കോർത്തെടുത്ത ആശയങ്ങളുടെയും പ്രചാരകനായി ഇനിയുള്ള ജീവിതം തുടരും’ -സന്ദീപ് വാര്യർ വ്യക്തമാക്കി.