ഇസ്ലാമാബാദ്: പാകിസ്താനിൽ ടിക് ടോക് താരം സനാ യൂസഫ് (17) വെടിയേറ്റു കൊല്ലപ്പെട്ടു. ഇസ്ലാമാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ അടുത്തുനിന്നാണ് വെടിയുതിർത്തത്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയായ സനക്ക് ടിക് ടോക്കിൽ നിരവധി ആരാധകരുണ്ട്. ഇവരുടെ വിഡിയോകൾക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ചു ലക്ഷം പേരാണ് സനയെ പിന്തുടരുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പി.ഐ.എം.എസ്) മാറ്റി.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായതിന്‍റെ പേരിൽ സന ബന്ധുക്കളിൽനിന്ന് എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണവും ശക്തമാണ്. അപ്പർ ചിത്രാൽ സ്വദേശിനിയായ സനയെ ഇസ്ലാമാബാദിലെ സെക്ടർ ജി -13ാം നമ്പർ വീട്ടിൽ സന്ദർശിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതനാണ് വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
പിന്നാലെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. മാസങ്ങൾക്കു മുമ്പ് 15 വയസ്സുള്ള ക്വറ്റയിൽനിന്നുള്ള ഹിറ എന്ന പെൺകുട്ടിയെ ടിക് ടോക്കിൽ സജീവമായതിന്‍റെ പേരിൽ പിതാവും അമ്മാവനും ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് പിതാവ് അൻവാറുൽ ഹഖ് ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാത്തതാണ് കൊലയിലേക്കു നയിച്ചത്.
2016ൽ സോഷ്യൽ മീഡിയ താരമായ ഖണ്ഡീൽ ബലൂച്ചിനെ സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. പിന്നീട് കേസിൽ സഹോദരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.