ഗസ്സ: ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ് വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗുട്ടറസിന്റെ പ്രസ്താവനക്ക് പിന്നാലെ വിമർശനവുമായി ഇസ്രായേലും രംഗത്തെത്തി. ഹമാസിനെ കുറിച്ച് അന്റോണിയോ ഗുട്ടറസ് എന്തുകൊണ്ടാണ് മിണ്ടാത്തതെന്നായിരുന്നു ഇസ്രായേലിന്റെ ചോദ്യം. ഗസ്സയിൽ സംഘർഷം രൂക്ഷമാകുമ്പോഴും പ്രദേശത്തേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ അനുവദിക്കാൻ ഇതുവരെ ഇസ്രായേൽ തയാറായിട്ടില്ല.
ഗസ്സയിൽ ഭക്ഷ്യവിതരണത്തിനെന്ന പേരിൽ യു.എസ് പിന്തുണയോടെ ഇസ്രായേൽ തുടങ്ങിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) കേന്ദ്രങ്ങൾ കുരുതിക്കളങ്ങളാവുന്നത് തുടരുകയാണ്. മേയ് 27ന് ആരംഭിച്ച ജി.എച്ച്.എഫ് കേന്ദ്രങ്ങളിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ഗസ്സയിലെ അവശേഷിച്ച ഏക ഡയാലിസിസ് കേന്ദ്രവും ഇസ്രായേൽ ബോംബിങ്ങിൽ തകർത്തിരുന്നു. ഗസ്സയെ സമ്പൂർണമായി ചാരമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ വശങ്ങളിലൂടെയും സൈനിക മുന്നേറ്റത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്
അതിനിടെ, ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട രാജ്യാന്തര സംഘത്തിൽ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗും. ‘ഗെയിം ഓഫ് ത്രോൺസ്’നടൻ ലിയാം കണ്ണിങ്ഹാമടക്കമുള്ള സംഘം ഇറ്റാലിയൻ തുറമുഖമായ കറ്റാനിയനിൽനിന്നാണ് ഞായറാഴ്ച പുറപ്പെട്ടത്.