വാഷിംഗ്ടൺ: ആപ്പിൾ കമ്പനിക്കാണ് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി കിട്ടിയതെങ്കിൽ ഇന്ന് സാംസങ് അടക്കമുള്ള മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കൾക്കും അറിയിപ്പ് എത്തി. അമേരിക്കക്ക് പുറത്തുള്ള സ്മാർട്ട് ഫോൺ നിർമ്മാണം അവസാനിപ്പിക്കണമെന്നാണ് ട്രംപിന്‍റെ താക്കീത്. അല്ലാത്ത പക്ഷം 25 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെന്നല്ല ലോകത്തെ ഏത് രാജ്യങ്ങളിൽ നിർമാണം നടത്തിയാലും സാംസങ് അടക്കമുള്ള എല്ലാ കമ്പനികൾക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഉടൻ തന്നെ ഈ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലാണ് നിര്‍മ്മാണമെങ്കില്‍ താരീഫ് ഉണ്ടാകില്ലെന്നും പ്രസിഡന്‍റ് വിവരിച്ചു. താരിഫ് ഭീഷണി ആപ്പിളിന് മാത്രമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.
ഇറക്കുമതി തീരുവകൾ ഉചിതമായി തന്നെ നടപ്പിലാക്കുമെന്നും ജൂൺ അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.