ആലപ്പുഴ: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തൽ തള്ളി 1989 ലെ സിപിഎം സ്ഥാനാർഥി കെ.വി ദേവദാസ്.ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെയെന്നും വാര്‍ത്തകേട്ട് ഞെട്ടിയെന്നും ദേവദാസ് പറഞ്ഞു.
എല്‍ഡിഎഫ് പാർലമെന്‍റ് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന സുധാകരൻ അങ്ങനെ ഒരു പ്രവൃത്തിക്ക് കൂട്ടുനിൽക്കുമെന്ന് തോന്നുന്നില്ലെന്നും ദേവദാസ് പറഞ്ഞു. തനിക്കെതിരായി സർവീസ് സംഘടനകൾ വോട്ടു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. സർവീസ് സംഘടനകൾ തന്‍റെ വലംകൈകളായിരുന്നു.എൻജിഒ യൂണിയനിലെ എല്ലാവരും തനിക്ക് വോട്ട് ചെയ്തിരുന്നില്ലെന്ന ജി.സുധാകരന്റെ പരാമർശം വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു.
1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം.
‘കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍.പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്.അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു.’സുധാകരന്‍ പറഞ്ഞു.
വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം പുരുഷോത്തമന്‍ അന്ന് വിജയിച്ചത്. സുധാകരന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
വിവാദ പ്രസംഗത്തിൽ കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും . ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ അഡ്വ.ബിജി ആണ് നിയമോപദേശം നൽകുക . ജി.സുധാകരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകലക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു . സുധാകരന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതമായി കണക്കാക്കി കേസെടുക്കാനാവുമോ എന്ന കാര്യത്തിലാണ് ഡിജിപി നിയമോപദേശം നൽകുക.