Sunday, May 11, 2025
HomeIndiaഅട്ടാരി അതിർത്തി അടച്ചിടൽ: രാജസ്ഥാനിലെ യുവാവും പാകിസ്ഥാൻ യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി

അട്ടാരി അതിർത്തി അടച്ചിടൽ: രാജസ്ഥാനിലെ യുവാവും പാകിസ്ഥാൻ യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി

ജയ്പ്പൂർ: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണം ബാധിച്ചത് വിനോദസഞ്ചാരികളെയും ആ നാട്ടുകാരെയും ഇരു രാജ്യത്തെയും സാധാരണക്കാരായ പൗരന്മാരെയും നയതന്ത്ര ബന്ധത്തേയും മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി പാകിസ്താനിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധി പേരെ കൂടിയാണ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അട്ടാരി അതിർ‌ത്തി അടച്ചതോടെ ദുരിതത്തിലായവരിൽ രാജസ്ഥാൻ സ്വദേശിയായ ഷൈത്താൻ സിങ്ങും ഉൾപ്പെടുന്നു.

ഷൈത്താൻ സിങ്ങിന്റെ കല്യാണമായിരുന്നു ഇന്ന്. പാകിസ്താൻ സ്വദേശിനിയാണ് വധു. വിവാഹത്തിനായി സിങ്ങും കുടുംബവും ഇന്ന് പാകിസ്താനിലേക്ക് പോകാനിരിക്കെയാണ് പൊടുന്നനെ കേന്ദ്ര തീരുമാനമുണ്ടായത്. അമൃത്സറിലെ അട്ടാരി ഇന്റർ​ഗ്രേറ്റഡ് ചെക്ക്പോസ്റ്റ് അടച്ചതോടെ സിങ്ങിനും കുടുംബത്തിനും പാകിസ്താനിലേക്ക് പോകാനായില്ല. ഇതോടെ വിവാഹം മാറ്റിവച്ചു. അതിർത്തി അടച്ചതിനാൽ വീട്ടിലേക്ക് തിരിച്ചെത്തിയ ഷൈത്താൻ സിങ് വിവാഹം ഇനിയെന്ന് നടക്കുമെന്ന ആശങ്കയിലാണ്.

‘വലിയ തെറ്റാണ് ഭീകരർ ചെയ്തത്… അതിർത്തി അടച്ചിരിക്കുന്നതിനാൽ പാകിസ്താനിലേക്ക് പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല… എന്താകുമെന്ന് നോക്കാം, കാത്തിരിക്കാം’- ഷൈത്താൻ സിങ് പറഞ്ഞു.’

എന്റെ സഹോദരന്റെ വിവാഹത്തിനായി ഞങ്ങൾ ഇന്ന് പാകിസ്താനിലേക്ക് പോവാനിരിക്കുകയായിരുന്നു, പക്ഷേ വിവാഹം മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. എന്റെ മുത്തശ്ശിയും നാല് ആൺമക്കളും പാകിസ്താനിലാണ് താമസിക്കുന്നത്. അവരുടെ ഒരു മകൻ മാത്രമാണ് ഇന്ത്യയിലുള്ളത്’- ഷൈത്താൻ സിങ്ങിന്റെ സഹോദരൻ സുരീന്ദർ സിങ് പറഞ്ഞു.

ഇന്നലെയാണ് അട്ടാരിയിലെ സംയോജിത ചെക്ക്‌പോസ്റ്റ് അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് മെയ് ഒന്നിന് മുമ്പ് ആ വഴി തിരികെ വരാമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.

സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണമെന്ന് നിർദേശിക്കുകയും ചെയ്ത കേന്ദ്രം, പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചു.

ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥരും മടങ്ങിപ്പോകണം. ഇസ്‌ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55ൽ നിന്ന് 30 ആയി കുറയ്ക്കാനും തീരുമാനിച്ചു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു.

‌പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ഇന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇന്ത്യയിലുള്ള ‌‌‌പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.

മെഡിക്കൽ വിസയിലുള്ള പാക് പൗരന്മാരുടെ വിസാ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments