ന്യൂയോർക്ക്: യാത്രാപ്രേമികളുടെയെല്ലാം സ്വപ്‍നനഗരമാണ് ന്യൂയോർക്ക്. അംബരചുംബികളായ കെട്ടിടങ്ങളും ലോകോത്തര നിലവാരമുള്ള ഗതാഗത സൗകര്യങ്ങളും കൊണ്ട് പേരുകേട്ട ന്യൂയോർക്കിലെ സൗന്ദര്യവും നിലവാരവും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും നിരവധി പേർ പങ്കുവെക്കാറുണ്ട്. എന്നാൽ, ന്യൂയോർക്ക് നഗരത്തിലെ സുപ്രധാന ഗതാഗത മാർഗമായ മെട്രോയുടെ യഥാർത്ഥ മുഖം പങ്കുവെക്കുകയാണ് ഡൽഹിയിൽ നിന്നുള്ള യൂട്യൂബർ.
ലവ് സോളങ്കി രുദ്രാകാശ് എന്ന യൂട്യൂബറാണ് തന്റെ സോളോ ട്രിപ്പിനിടെ പകർത്തിയ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം റീലായി പങ്കുവെച്ചത്. മദ്യപിച്ച് ലക്കുകെട്ട മെട്രോ യാത്രക്കാർ, മാലിന്യം അടിഞ്ഞ് കൂടിയ പ്ലാറ്റ്‌ഫോമുകൾ, ട്രാക്കുകളിൽ അലക്ഷ്യമായി നടക്കുന്ന എലികൾ, സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലെ മനുഷ്യവിസർജ്യം തുടങ്ങിയ ദൃശ്യങ്ങളാണ് റീലിൽ ഉള്ളത്.
https://www.instagram.com/reel/DIqN9Iws5HF/?igsh=NXdvYjFlOHVmbzhp
വിനോദസഞ്ചാരികൾ ഒരിക്കലും കാണാത്ത നഗരത്തിന്റെ മറ്റൊരു വശം കാണിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളെക്കുറിച്ച് വലിയ വ്യാപകമായ ചർച്ചകളും നടക്കുന്നുണ്ട്.
നാല് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ഇന്ത്യയിലെ ചേരികളെയും ശുചിത്വത്തെയും നിരന്തരം വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ പരിഹസിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ പോലും ഇതിനേക്കാൾ മികച്ചതാണ്, ഇന്ത്യയെ വിമർശിക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ചിന്തിക്കണം തുടങ്ങിയ കമന്റുകൾ ഉപയോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്.പല യാത്രക്കാരും പണം നൽകാതെയാണ് മെട്രോയിൽ യാത്ര ചെയ്യുന്നതെന്നും രുദ്രാകാശ് വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ രണ്ടാം ഭാഗം പങ്കുവെക്കുമെന്നും യൂട്യൂബർ പറഞ്ഞിട്ടുണ്ട്.