വാഷിങ്ടന്‍ : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും അമേരിക്കന്‍ ഭരണകൂടത്തിലെ നിര്‍ണായക സ്ഥാനം വഹിക്കുന്ന വ്യക്തിയുമായ ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മസ്‌ക് അറിയിച്ചത്.
ഇന്നലെയാണ് മസ്‌കും മോദിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ് – ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്.പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്നും ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.
യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് രണ്ടാം പ്രാവശ്യവും അധികാരമേറ്റതിനു പിന്നാലെ മോദി ഫെബ്രുവരിയില്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു. മസ്‌കുമായും അപ്പോള്‍ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.