ബീജിങ്: പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിൽ ഇളവു തേടി നിരവധി രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച നടത്തുമ്പോൾ, കർശന നീക്കങ്ങളുമായി തിരിച്ചടിച്ച് ചൈന. അമേരിക്കയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുള്ള തീരുവ നേരത്തെ പ്രഖ്യാപിച്ച 34 ശതമാനത്തിൽ നിന്ന് 84 ശതമാനമാക്കി ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ ഉയർത്തി. 12 യു.എസ് കമ്പനികളെ ‘കയറ്റുമതി നിയന്ത്രണ ലിസ്റ്റി’ൽ പെടുത്തിയതായി ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104 ശതമാനം തീരുവ ഏർപ്പെടുത്തുന്ന നീക്കവുമായി അമേരിക്ക മുന്നോട്ടു പോവുകയാണെങ്കിൽ സ്വന്തം താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനാവശ്യമായ ശക്തമായ നടപടികളുമായി തങ്ങൾ മുന്നോട്ടു പോകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചു.
ഇന്നു പുലർച്ചെ അമേരിക്കൻ സമയം 12.01 മുതൽക്കാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം നിലവിൽ വന്നത്. ഇത് ഏഷ്യൻ ഓഹരിവിപണികളിൽ രണ്ടു മുതൽ നാല് വരെ ശതമാനം ഇടിവുണ്ടാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറക്കാമെന്നും തീരുവ ഇളവ് നൽകണമെന്നും കാണിച്ച് എഴുപതോളം രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച തുടങ്ങിയെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു. അമേരിക്ക, ഇസ്രായേൽ, വിയറ്റ്‌നാം രാജ്യങ്ങൾ പുതുക്കിയ ഇറക്കുമതി നിരക്ക് പ്രഖ്യാപിച്ചപ്പോൾ ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ അമേരിക്കയുമായുള്ള ചർച്ച തുടരുകയാണ്.