ന്യൂഡൽഹി: ആധുനിക, പുരോഗമന ഇന്ത്യയെ നിർമിക്കുകയെന്ന ലക്ഷ്യത്തിനായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേരിൽ ഫെലോഷിപ് പദ്ധതിയുമായി കോൺഗ്രസ്. എല്ലാ വർഷവും 50 വീതം പ്രഫഷനലുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ മൻമോഹൻസിങ് ഫെലോഷിപ്പുമായി കോൺഗ്രസ് തിരഞ്ഞെടുത്ത് ഇവരെ പ്രഫഷനൽ പശ്ചാത്തലമുള്ള പാർട്ടി നേതാക്കൾ പരിശീലിപ്പിക്കുന്നതാണ് പദ്ധതി.
കരിയറിന്റെ മധ്യ കാലത്തുള്ളവർക്കായിരിക്കും അവസരം. പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് (https://mmsfellows.profcongress.in/apply) പാർട്ടി നേതാവ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ പങ്കുവെച്ചു. പാർട്ടി എസ്.സി വിഭാഗം ദേശീയ കോഓഡിനേറ്റർ കെ. രാജു, എ.ഐ.സി.സി മീഡിയ വിഭാഗം തലവൻ പവൻ ഖേര, പ്രഫഷനൽസ് കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി തുടങ്ങിയവരും സംബന്ധിച്ചു.
കർശനമായ പ്രക്രിയയിലൂടെയായിരിക്കും അപേക്ഷകരുടെ തെരഞ്ഞെടുപ്പ്. ഫെലോഷിപ് പൂർത്തിയാക്കുന്നതോടെ ഇവർക്ക് പൊതുജീവിതത്തിലേക്ക് ഇറങ്ങാനാകും. പരിശീലന കാലത്ത് പാർട്ടി നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ വിവിധ ദൗത്യങ്ങൾ നൽകും. മതനിരപേക്ഷ, പുരോഗമന രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കാനുള്ള മുഴുവൻ സമയ പദ്ധതിയാകും ഫെലോഷിപ് കാലം.