തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് സിനിമയായ എമ്പുരാൻ സംഘപരിവാറിന്‍റെ അതൃപ്തിയെ തുടർന്ന് വീണ്ടും സെൻസർ ചെയ്യാനുള്ള നീക്കത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എമ്പുരാന് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണെന്നും അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാഷിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണ് -മന്ത്രി ശിവൻകുട്ടി പറഞ്ഞു.
എമ്പുരാന്‍റെ 17 ഭാഗങ്ങളിലായാണ് മാറ്റം വരുകയെന്നാണ് റിപ്പോർട്ടുകൾ. കഥയിലെ വില്ലൻ കഥാപാത്രം ഉൾപ്പെടെയുള്ളവരുടെ പേരുകളിലും മാറ്റം വരുത്തും. സംഘ്പരിവാറിന്‍റെ പ്രതിഷേധത്തിനൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം കൊണ്ടുവരുന്നത്. സിനിമയിലെ പുതിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും.മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു അസാധാരണ നടപടിയാണ് തിയറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമ വീണ്ടും സെൻസർ ചെയ്യുന്നത്.
സെൻസർ ബോർഡിൻറെ അനുമതി ലഭിച്ച് റിലീസ് ചെയ്ത സിനിമ വൻ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നത്. സംഘപരിവാർ സംഘടനകളുടെ വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് സിനിമയിൽ മാറ്റം കൊണ്ട് വരുന്നത്.
ഒരു സിനിമയെ കുറിച്ച് വ്യാപക പരാതി ലഭിച്ചാൽ സെൻസർ ബോർഡ് സിനിമ തിരിച്ചു വിളിച്ച് റീ സെൻസറിങ് ചെയ്യുന്ന അസാധാരണ നടപടിയുണ്ട്. ഇവിടെ നിർമാതാക്കൾ തന്നെയാണ് വോളന്ററി മോഡിഫിക്കേഷൻ നടത്തുന്നത്. സാധരണ രീതിയിൽ സിനിമയുടെ ഗുണത്തിനും ദൈർഘ്യം കുറക്കാനും മറ്റുമായാണ് വോളന്ററി മോഡിഫിക്കേഷൻ ചെയ്യാറുള്ളത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി നിർമാതാക്കൾ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.
പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നാണ്. ഈ പേര് പരാമർശിക്കുന്ന ഭാഗത്ത് ഒന്നുല്ലങ്കിൽ പേര് മാറ്റുക, അല്ലങ്കിൽ മ്യുട്ട് ചെയ്യുക. രണ്ട്, ഗുജറാത്ത് കലാപത്തിലെ ചില രംഗങ്ങൾ ഒഴിവാക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ ദൈർഘ്യം കുറക്കുക, ദേശിയ അന്വേഷണ ഏജൻസിയുടെ ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാകും മാറ്റങ്ങൾ വരുക. സെൻസർ ബോർഡിൻറെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാകും സിനിമയിൽ ഇത്തരം മാറ്റങ്ങൾ കൊണ്ട് വരുക. സിനിമ നേരത്തെ സെൻസർ ചെയ്ത അംഗങ്ങൾക്ക് പകരം പുതിയൊരു ടീമാകും സെൻസറിങ് നടത്തുക.