ലോസ് ആഞ്ജലീസില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് സർവ്വീസ് നടത്തുന്ന യുണൈറ്റഡ് ഏയർലൈന്‍റെ പൈലറ്റുമാരിലൊരാളാൾ തൻ്റെ പാസ്പോർട്ട് എയർപോര്‍ട്ടില്‍ മറന്നതോടെ വിമാനം തിരിച്ചിറക്കി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം ഷാങ്ഹായി ലക്ഷ്യമാക്കി ലോസ് ആഞ്ജലീസില്‍ നിന്നും പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റിന്‍റെ പാസ്പോര്‍ട്ട് കൈയിലില്ലെന്ന് വ്യക്തമാകുന്നത്. ഈ സമയം വിമാനം പസഫിക് കടലിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനം സാന്‍ഫ്രാന്‍സിസ്കോയിൽ ഇറക്കുകയായിരുന്നു.
പാസ്പോര്‍ട്ടില്ലാതെ പൈലറ്റിന് യാത്ര ചെയ്യാന്‍ കഴിയാത്തതിലനാല്‍ രാത്രി ഒമ്പത് മണിയോടെ പുതിയ ക്രുവുമായി വിമാനം ഷാങ്ഹായിലേക്ക് പറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം ഏതാണ്ട് ആറ് മണിക്കൂറോളം വൈകിയാണ് ഷാങ്ഹായില്‍ ലാന്‍റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭക്ഷണ വൌച്ചറുകളും നഷ്ടപരിഹാരവും നല്‍കിയെന്നും വിമാനക്കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴി തെളിച്ചു. പൈലറ്റിന്‍റെ പിഴവ് കൊണ്ട് യാത്രക്കാര്‍ക്കുണ്ടായ ആറ് മണിക്കൂർ നഷ്ടം നികത്താന്‍ ഭക്ഷണ കൂപ്പണ്‍. മറിച്ച് യാത്രക്കാരില്‍ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പിന്നെ അയാൾക്ക് യാത്ര തന്നെ നിഷേധിക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.

