എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും കാത്തിരിപ്പിനൊടുവില്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. ബുധനാഴ്ച പുലര്‍ച്ചയോടെ ഇരുവരെയും സുരക്ഷിതമായി ഭൂമിയിലെത്തിക്കാന്‍ കഴിയുമെന്നാണ് നാസയുടെ പ്രതീക്ഷ. മടക്കയാത്ര കയ്യകലെ എത്തിനില്‍ക്കുമ്പോള്‍ ലോകത്താകമാനം സുനിതയേയും ബുച്ച് വില്‍മോറിനെയും കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശയാത്രിക കാഡി കോൾമാന്‍ പറയുന്നതനുസരിച്ച് ബഹിരാകാശയാത്രികർക്ക് പ്രത്യേക ഓവർടൈം ശമ്പളമൊന്നുമില്ല. ഒരു ഗവണ്‍മെന്‍റ് ഏജന്‍സിയിലെ ജീവനക്കാരായതിനാൽ ഭൂമിയിലെ ഏതൊരു പതിവ് ജോലിയെയും പോലെ തന്നെയാണ് ഇരുവരും ബഹിരാകാശത്തും സമയം ചെലവഴിക്കുന്നത്. നാസ നല്‍കുന്ന സ്ഥിര ശമ്പളം തന്നെയാണ് ഇരുവര്‍ക്കും ലഭിക്കുക. എങ്കിലും ചെറിയൊരു സ്റ്റൈപ്പന്റ് മാത്രം അധികമായി ലഭിക്കും. പ്രതിദിനം 4 ഡോളർ. അതായത് 347 രൂപ മാത്രം! അതല്ലാതെ ‘സ്പേസ്’ ആയതുകൊണ്ട് പ്രത്യേകിച്ച് ‘അലവന്‍സ്’ ഒന്നുമില്ലത്രേ! അങ്ങിനെയെങ്കില്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ഈ ഇനത്തില്‍ ലഭിക്കുക 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) മാത്രമായിരിക്കും. കാഡി കോൾമാനെ സംബന്ധിച്ചിടത്തോളം 2010-11 ലെ 159 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനിടെ ഈ ഇനത്തില്‍ ലഭിച്ചത് 636 ഡോളറാണ്. അതായത് ഏകദേശം 55,000 രൂപ.

