കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച ഇടനിലക്കാരായ പൂർവ വിദ്യാർഥികൾ പിടിയിൽ. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയവരാണ് ഇരുവരും.
ഇന്നലെ അർധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇവരെ കളമശ്ശേരി പൊലീസിന്‍റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും കസ്റ്റഡിയിലെടുത്തത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർഥി നൽകിയ മൊഴിയിൽ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തിരച്ചിൽ ശക്തമാക്കിയത്
സമാനരീതിയിലുള്ള ലഹരി കേസുകളിൽ ആഷിഖ് ഉൾപ്പെട്ടിരുന്നതായുള്ള സൂചനകൾ വിദ്യാർഥികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് കാമ്പസുകളിൽ ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോളജിന്റെ പെരിയാർ ഹോസ്റ്റലിൽ പരിശോധന.