ബംഗളൂരു: ചരിത്രം തിരുത്തിയ നൂറാം റോക്കറ്റ് വിക്ഷേപണം വഴി ബഹിരാകാശത്ത് എത്തിച്ച നാവിഗേഷൻ ഉപഗ്രഹം എൻ.വി.എസ്-02ന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഉപഗ്രഹത്തിന്‍റെ വിക്ഷേപണത്തിന് ശേഷം ഭ്രമണപഥം ഉയർത്താൻ സാധിക്കുന്നില്ലെന്നാണ് ഐ.എസ്.ആർ.ഒ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
ഉപഗ്രഹത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നും വാൽവ് പ്രവർത്തിക്കുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണെന്ന് അധികൃതർ അറിയിച്ചു.
170 കിലോമീറ്റർ അടുത്ത ദൂരവും 37000 കിലോമീറ്റർ അകന്ന ദൂരവുമുള്ള ദീർഘവൃത ഭ്രമണപഥത്തിലാണ് നിലവിൽ ഉപഗ്രഹം ഭൂമിയെ വലയം വെക്കുന്നത്. ലിക്കുഡ് അപോജി മോട്ടർ എന്ന എൻജിനാണ് ഭ്രമണപഥം ഉയർത്തേണ്ടിയിരുന്നത്. എൻജിന്‍ വാൽവിന് തകരാർ സംഭവിച്ചതിന് പിന്നാലെ ത്രസ്റ്ററുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയായിരുന്നു.
ഏതാനും ദിവസം മുമ്പ് നൂറാം റോക്കറ്റ് വിക്ഷേപണത്തിന്‍റെ ഓൺബോർഡ് വിഡിയോ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്ു. ജി.എസ്.എൽ.വി എഫ്-15 റോക്കറ്റ് വിക്ഷേപണത്തിന്‍റെയും ബഹിരാകാശത്ത് വച്ച് ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്-02’ വേർപ്പെടുന്നതിന്‍റെയും ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവെച്ചിരുന്നത്.
ജനുവരി 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-15 റോക്കറ്റിലാണ് ‘എൻ.വി.എസ്-02’ വിജയകരമായി വിക്ഷേപിച്ചത്. നിലവിലെ ദിശനിർണയ ഉപഗ്രഹത്തിന് പകരമായി വികസിപ്പിക്കുന്ന അഞ്ച് രണ്ടാംതലമുറ ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ്-02.
എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ദിശാനിർണയ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ വികസിപ്പിച്ച എൻ.വി.എസ്-02 ഉപഗ്രഹത്തിന് 2,250 കിലോഗ്രാം ആണ് ഭാരം.
2.23 ടൺ ഭാരമുള്ള ആദ്യത്തെ എൻ.വി.എസ്-01 ഉപഗ്രഹം 2023 മേയ് 29ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. എൽ വൺ, എൽ ഫൈവ്, എസ് ബാൻഡ് എന്നീ പേലോഡുകൾക്കൊപ്പം സമയവും സ്ഥലവും കുറിക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.