കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യക്തിഗത ആദായനികുതി ഏർപ്പെടുത്താൻ ഉടൻ പദ്ധതിയില്ലെന്ന് ധനമന്ത്രി നൂറ അൽ ഫസ്സാം വ്യക്തമാക്കി. ദാവോസ് ഇക്കണോമിക് ഫോറത്തിനിടെ അൽ-അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ നിലപാട് വ്യക്തമാക്കിയത്. നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളുമായി ചർച്ചകൾ ധാരണയിലുണ്ട്. ഇത് എപ്പോൾ നടപ്പാക്കണമെന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഏതായാലും വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്തുന്നത് ഉടനുണ്ടാകില്ല. അന്താരാഷ്ട്ര ധാരണകൾക്കനുസരിച്ച് നികുതി സമ്പ്രദായം നടപ്പാക്കാൻ കുവൈത്ത് ബാധ്യസ്ഥമാണ്. സുതാര്യവും നീതിപൂർവവുമായ നികുതി വ്യവസ്ഥ നടപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
750 ദശലക്ഷം യൂറോയിൽ കൂടുതൽ വരുമാനമുള്ള വിദേശ ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് 15ശതമാനം നികുതി ചുമത്തുന്നു. എന്നാൽ, തന്ത്രപ്രധാന മേഖലകൾ, ചെറുകിട-ഇടത്തരം ബിസിനസുകൾ, രാജ്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ എന്നിവക്ക് നികുതിയിളവ് നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു. കുവൈത്ത് 2.6 ശതാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. എണ്ണയിതര വരുമാനം 10 ശതമാനം ലക്ഷ്യമിടുന്നു.
ധനകമ്മി ബജറ്റ് പ്രതീക്ഷകളുമായി ഒത്തുപോകുന്നുണ്ട്. ശക്തമായ സാമ്പത്തിക കരുതൽ ശേഖരം, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പരമാധികാര ഫണ്ടുകളിലൊന്നിന്റെ ഉടമയെന്ന സ്ഥാനം, ഉയർന്ന ക്രെഡിറ്റ് റേറ്റിങ് എന്നിവയെല്ലാം ആത്മവിശ്വാസം നൽകുന്നതാണ്. എണ്ണവിലയിലെ അസ്ഥിരത തീർച്ചയായും വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഹ്രസ്വകാലത്തേക്കാണെന്ന് തങ്ങൾ കരുതുന്നില്ല. ഒപെക് പ്ലസ് കൂട്ടായ്മയുടെ ധാരണയനുസരിച്ച് പെട്രോളിയം ഉൽപാദനം കുറച്ചതും എണ്ണവില ഇടിഞ്ഞതുമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണം. മൂലധന ചെലവ് വർധിപ്പിച്ച് സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി സ്ഥാപിതമായതിനുശേഷം 500 കോടി ഡോളറിലധികം വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞു. പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യ വികസനം, ക്ലീൻ എനർജി പദ്ധികളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനാണ് ഊന്നൽ. സമഗ്രമായ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ വരുമാന വൈവിധ്യത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കുവൈത്ത് പ്രവേശിക്കുകയാണെന്നും നൂറ അൽ ഫസ്സാം പറഞ്ഞു.