ഡമാസ്കസ്: ക്രിസ്മസ് ട്രീക്ക് തീയിട്ടതിന് പിന്നാലെ സംഘർഭരിതമായി സിറിയ. തലസ്ഥാനമായ ഡമാസ്കസിന് 200 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഹമയില്‍ സ്ഥാപിച്ച കൂറ്റന്‍ കിസ്മസ് ട്രീയ്ക്കാണ് അജ്ഞാതർ തീയിട്ടത്. ക്രിസ്മസ് ട്രീ കത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ വ്യാപക പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൻസാർ അൽ-തൗഹിദിലെ ആളുകളാണ് ക്രിസ്മസ് ട്രീ കത്തിച്ചതിന് പിന്നിലെന്ന റിപ്പോർട്ടുണ്ടെങ്കിലും എച്ച് ടി എസ് (ഹയാത്ത് താഹിർ അല്‍-ഷം) ഭരണകൂടം ഇത് നിഷേധിക്കുകയാണ്. ആക്രമികളെ പിടികൂടിയതായും ഇവർ സിറിയയില്‍ ഉള്ളവരല്ലെന്നും എച്ച് ടി എസ് അവകാശപ്പെട്ടു. എന്നാല്‍ അക്രമികളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ‘അടുത്ത പ്രഭാതത്തിൽ മരം പൂർണമായി പുനഃസ്ഥാപിക്കപ്പെടുന്നത് നിങ്ങൾ കാണും’ പ്രതിഷേധക്കാർ പറഞ്ഞു.
മുഖം മറച്ച് എത്തിയ സംഘം ക്രിസ്മസ് ട്രീയ്ക്ക് തീയിടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രസിഡൻ്റ് ബഷാർ അൽ അസദിനെ താഴെയിറക്കി അബു മൊഹമ്മദ് അൽ ജൊലാനിയുടെ എച്ച് ടി എസ് അധികാരം പിടിച്ചതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ ക്രിസ്ത്യാനികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഡമാസ്കസിലെ പള്ളികളിലേക്ക് മാർച്ച് ചെയ്തു.
ക്രിസ്ത്യാനികൾക്ക് അവരുടെ പള്ളികളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് അബു മൊഹമ്മദ് അൽ ജൊലാനി നല്‍കിയിരുന്നു. എന്നാല്‍ ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്കോ പ്രാർത്ഥനകൾക്കോ യാതൊരു സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അതേസമയം, നശിപ്പിക്കപ്പെട്ട ക്രിസ്മസ് ട്രീ ഉടൻ പുനഃസ്ഥാപിക്കുമെന്ന് സർക്കാറും ഉറപ്പുനൽകിയിട്ടുണ്ട്.