Tuesday, November 24, 2026
HomeNewsഹൈക്കമാൻഡ് ആവശ്യമുന്നയിച്ചാൽ മുഖ്യമന്ത്രിയാകാൻ നാലാം തവണയും തയ്യാർ: രാജസ്ഥാനിലും കോൺഗ്രസ്സിൽ രാഷ്ട്രീയ പോരിന് തിരി...

ഹൈക്കമാൻഡ് ആവശ്യമുന്നയിച്ചാൽ മുഖ്യമന്ത്രിയാകാൻ നാലാം തവണയും തയ്യാർ: രാജസ്ഥാനിലും കോൺഗ്രസ്സിൽ രാഷ്ട്രീയ പോരിന് തിരി കൊളുത്തി അശോക് ഗെലോട്ട്

ജയ്പൂർ: രാജസ്ഥാനില്‍ വീണ്ടും മുഖ്യമന്ത്രി പദവിയിലേക്ക് എത്താനുള്ള സാധ്യത തള്ളാതെ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാലാം തവണയും മുഖ്യമന്ത്രിയാകാൻ വ്യക്തിപരമായി ആഗ്രഹമില്ലെങ്കിലും പാർട്ടിയുടെ താല്‍പ്പര്യത്തിനായി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാല്‍ പദവി ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗെലോട്ട് നടത്തിയ ഈ പരാമർശം രാജസ്ഥാൻ കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തനിക്ക് നല്‍കിയിട്ടുള്ള പ്രധാന ചുമതലകളും പദവികളും ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. സോണിയ ഗാന്ധി തനിക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് കേന്ദ്ര സഹമന്ത്രിയായും രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്ര സർക്കാരിലും പ്രവർത്തിച്ചു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ടെക്സ്റ്റൈല്‍സ് മന്ത്രിയായിരുന്നു. രണ്ടുതവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതലയും മൂന്ന് തവണ രാജസ്ഥാൻ പി.സി.സി അധ്യക്ഷ പദവിയും വഹിച്ചു. പദവികള്‍ ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പരാതിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

‘നാലാം തവണയും ഗെലോട്ട് സർക്കാർ’ എന്ന മുദ്രാവാക്യങ്ങള്‍ ഉയരുമ്പോള്‍ അത് ഒഴിവാക്കാൻ താൻ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാർട്ടിക്ക് വേണ്ടി താൻ വീണ്ടും മുഖ്യമന്ത്രിയാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്താല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയില്ല. ഉചിതമായ സമയത്ത് പാർട്ടിയുടെ താല്‍പ്പര്യവും ജനങ്ങളുടെ ആഗ്രഹവും പരിഗണിച്ച്‌ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.

ഗെലോട്ട്-പൈലറ്റ് പോര് വീണ്ടും ചർച്ചയില്‍

രാജസ്ഥാൻ കോണ്‍ഗ്രസിലെ അധികാരത്തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പുതിയ പ്രസ്താവനയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നത്. 2022 സെപ്റ്റംബറില്‍ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഗെലോട്ട് അനുകൂല എം.എല്‍.എമാർ ബഹിഷ്കരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ പ്രതിഷേധം. സംഭവത്തില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഗെലോട്ട് പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2020ല്‍ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ 18 എം.എല്‍.എമാർ നടത്തിയ വിമത നീക്കവും രാജസ്ഥാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഗെലോട്ടും പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന ചർച്ചാവിഷയമായി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായതോടെ ഇരുവരുടെയും രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

2023ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും മുഖ്യമന്ത്രി പദവി ഒഴിയാൻ ആഗ്രഹിച്ചാലും പദവി തന്നെ വിട്ടുപോകുന്നില്ലെന്ന പരാമർശം ഗെലോട്ട് നടത്തിയിരുന്നു. ഇപ്പോള്‍ 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവർഷത്തോളം മാത്രം ശേഷിക്കെ വീണ്ടും മുഖ്യമന്ത്രി പദവിയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തുറന്നിട്ടിരിക്കുകയാണ് അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments