ടെഹ്റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട്. റഷ്യയുടെ സഹായത്തോടെയാകും ഇറാന്‍റെ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയുടെയടക്കം മുന്നറിയിപ്പുകൾ തള്ളിയാണ് ഇറാൻ, ഇസ്രയേലിന് തിരിച്ചടി നൽകാൻ തയ്യാറെടുക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇസ്രയേലിനെ സഹായിക്കാൻ അമേരിക്കയും രംഗത്തെത്തെയാൽ പശ്ചിമേഷ്യയിൽ സമ്പൂർണ യുദ്ധമാകും നടക്കുക.
ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്ക് ആനുപാതികമായ മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ സൈനികമായി ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഈ മുന്നറിയിപ്പ് അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം പശ്ചിമേഷ്യയെ നടുക്കിയ ഇസ്രയേൽ മിസൈൽ ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇറാൻ ജനജീവിതം സാധാരണ ഗതിയിലായെന്ന റിപ്പോർട്ടുകൾ ഏവരെയും അമ്പരപ്പിക്കുകയാണ്. ഇസ്രയേൽ അതിശക്തമായ ആക്രമണം നടത്തിയിട്ടും ഇറാന്‍ അതിനെയെല്ലാം പ്രതിരോധിച്ചു എന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഇറാന്‍ സാധാരണ നിലയില്‍ എത്തിയതോടെയാണ് ഈ അമ്പരപ്പ് ഉണ്ടായിരിക്കുന്നത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാന സര്‍വീസുകളടക്കം ഇറാന്‍ പുനരാരംഭിച്ചിരുന്നു. ഇതോടെയാണ് ഇസ്രയേൽ ആക്രമണം ഇറാൻ ശക്തമായി പ്രതിരോധിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവന്നത്. ഇതിന് ഇറാനെ സഹായിച്ചത് റഷ്യയാണെന്നാണ് വ്യക്തമാകുന്നത്.
ഇസ്രയേൽ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്. ഇസ്രയേലിന്‍റെ എല്ലാ മിസൈലുകളെയും ഇറാൻ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യ , ഇറാന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യ സ്വഭാവമുള്ള ആക്രമണ തീരുമാനം ചോര്‍ന്നത് ഇസ്രയേലിന്റെ ഉറക്കം കെടുത്തും. റഷ്യ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണത്തെ പ്രതിരോധിക്കാനും ആള്‍നാശവും നാശനഷ്ടങ്ങളും കുറയ്ക്കാനും ഇറാനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ഇസ്രയേലിന്റെ ആക്രമണ പ്രഖ്യാപനത്തിനു മുമ്പ് തന്നെ ഇറാന് റഷ്യ വിവരം ചോര്‍ത്തി നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.