വാഷിംഗ്ടൺ : 2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.എസ് പൗരത്വം ഇല്ലാതിരുന്നിട്ടും നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയ സംഭവങ്ങളിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്കെതിരെ ഫെഡറൽ അധികൃതർ കർശന നടപടി സ്വീകരിച്ചു. ടെക്സാസിൽ നിന്നുള്ള ഖൽവിന്ദർ സിംഗ് ഭെംഗുരയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും, മിനസോട്ടയിൽ നിന്നുള്ള മുകേഷ്കുമാർ സോമാഭായ് ചൗധരിയെ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫോർട്ട് വർത്തിൽ (ടെക്സാസ്) നടന്ന രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഖൽവിന്ദർ സിംഗ് ഭെംഗുര കുറ്റക്കാരനാണെന്ന് യു.എസ് ഫെഡറൽ ജൂറി വിധിച്ചത്. 2022 ജൂണിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള ഗ്രീൻ കാർഡ് ലഭിച്ച ഭെംഗുര യു.എസ് പൗരനായിരുന്നില്ല. എന്നാൽ 2024 ഓഗസ്റ്റിൽ ടെക്സാസ് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിച്ചപ്പോൾ, താൻ യു.എസ് പൗരനാണെന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ താല്പര്യമുണ്ടെന്നും കാണിക്കുന്ന കോളങ്ങളിൽ ഇയാൾ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ ഇടംപിടിച്ച ഇയാൾ, 2024 നവംബർ 5-ന് നടന്ന ജനറൽ ഇലക്ഷനിൽ ആർലിംഗ്ടണിലെ പോളിംഗ് സ്റ്റേഷനിലെത്തി നേരിട്ട് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ ഇയാൾക്കുള്ള ശിക്ഷാവിധി 2027 ഫെബ്രുവരി 11-ന് കോടതി പ്രഖ്യാപിക്കും. വ്യാജ പൗരത്വം അവകാശപ്പെട്ടതിനും നിയമവിരുദ്ധമായി വോട്ട് ചെയ്തതിനും കൂടി ആകെ ആറ് വർഷം വരെ തടവും വലിയ തുക പിഴയും ഇയാൾക്ക് ലഭിച്ചേക്കാം. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ അമേരിക്കയിൽ നിന്നും നാടുകടത്താനും സാധ്യതയുണ്ട്.
സമാനമായ മറ്റൊരു കേസിൽ മിനസോട്ടയിൽ താമസിക്കുന്ന മുപ്പത്തിയൊമ്പതുകാരനായ മുകേഷ്കുമാർ സോമാഭായ് ചൗധരി എന്ന ഇന്ത്യൻ പൗരനെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI) അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.2024 നവംബർ 5-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി, താൻ യു.എസ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മിനസോട്ട നിയമപ്രകാരമുള്ള വോട്ടർ സർട്ടിഫിക്കറ്റിൽ ഇയാൾ ഒപ്പുവെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൗരനല്ലാത്ത ഇയാൾ വോട്ട് ചെയ്തതായി കണ്ടെത്തിയത്.
ഗ്രീൻ കാർഡ് നടപടികൾക്കിടയിൽ അഭിഭാഷകനുമായി സംസാരിച്ചപ്പോഴാണ് തനിക്ക് വോട്ട് ചെയ്യാൻ അർഹതയില്ലായിരുന്നു എന്ന് മനസ്സിലായതെന്നും ഇതൊരു അബദ്ധം പറ്റിയതാണെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വോട്ടെടുപ്പിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും, വോട്ട് ചെയ്യാൻ വ്യാജ പൗരത്വം അവകാശപ്പെട്ടതിനും രണ്ട് വ്യത്യസ്ത വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ആകെ 10 വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ഇയാൾ നേരിടേണ്ടി വരും.ദേശീയ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം യു.എസ് പൗരന്മാർക്ക് മാത്രമാണെന്നും, നിയമവിരുദ്ധമായ വോട്ടുകൾ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ടെക്സാസ് അറ്റോർണി റയാൻ റേബോൾഡ് വ്യക്തമാക്കി. അമേരിക്കയിൽ പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് തടയാൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്.

