Thursday, October 29, 2026
HomeNewsചേരാനല്ലൂർ ബെൻസ് കാർ അപകടം: പ്രായപൂർത്തിയാവാത്ത ജഡ്ജിയുടെ മകൻ സ്ഥിരമായി ആഡംബര ബൈക്ക് റൈഡിലും തൽപരൻ...

ചേരാനല്ലൂർ ബെൻസ് കാർ അപകടം: പ്രായപൂർത്തിയാവാത്ത ജഡ്ജിയുടെ മകൻ സ്ഥിരമായി ആഡംബര ബൈക്ക് റൈഡിലും തൽപരൻ എന്ന് മൊഴി

കൊച്ചി : എറണാകുളം ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ജഡ്‌ജിയുടെ 17-കാരനായ മകൻ വാഹനപ്രിയൻ. കാർ മാത്രമല്ല, ആഡംബര ബൈക്കായ കവാസക്കിയും ഇയാൾ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത മകൻ സ്ഥിരമായി ഇരുചക്രവാഹനവും ഓടിച്ചിരുന്നുവെന്ന് ജഡ്‌ജി താമസിക്കുന്ന ഫ്ലാറ്റിലെ ജീവനക്കാരിൽ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഴുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ പ്രതി ഉപയോഗിച്ചിരുന്ന കവാസക്കി ആഡംബര ബൈക്ക് പോലീസ് പിടിച്ചെടുത്തു.17-കാരൻ സ്ഥിരമായി വാഹനം ഓടിക്കാറുണ്ടായിരുന്നു. എന്നാൽ കാർ ഓടിക്കുന്നത് കണ്ടിട്ടില്ലെന്നും ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. 17-കാരന്റെ ചേട്ടൻ്റെ ബൈക്കാണ് അത്. ബൈക്ക് വീട്ടുകാർ ഓടിക്കാൻ നൽകാറില്ലായിരുന്നു. വീട്ടുകാർ അറിയാതെ എടുത്തുകൊണ്ട് പോകുന്നതാണെന്നും ഇയാൾ സംശയം പ്രകടിപ്പിച്ചു.

ഇന്ന് പുലർച്ചെ ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തിയാണ് പോലീസ് കവാസക്കി ബൈക്ക് കസ്റ്റഡിയിലെടുത്തത്. ജഡ്ജിയുടെ മകൻ ഈ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ, കേസ് വന്നതോടെ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്. ഈ അക്കൗണ്ട് വീണ്ടെടുക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതികൊണ്ടാണ് പിതാവിന്റെ കാർ അദ്ദേഹം അറിയാതെ എടുത്തുകൊണ്ടു പോയതെന്നുമാണ് 17-കാരൻ പോലീസിന് നൽകിയ മൊഴി. മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്‌ജി നേരത്തേ പറഞ്ഞത്.കേസിൽ 17-കാരന്റെ പിതാവും ജഡ്‌ജിയുമായ റെനോ ഫ്രാൻസിസ് സേവ്യറെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. കൊച്ചിയിലെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ. നേരത്തേ ഹൈക്കോടതിയിൽനിന്ന് ഔദ്യോഗികമായി അനുമതി വാങ്ങിയ ശേഷമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലേക്ക് കടന്നത്.

പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജഡ്‌ജിയുടെ വാഹനത്തിന്റെ ആർ.സി. സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) ഷോകോസ് നോട്ടീസ് നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments