Sunday, October 25, 2026
HomeAmericaഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇടപെട്ടതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി ട്രംപ് ജൂനിയർ

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇടപെട്ടതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി ട്രംപ് ജൂനിയർ

വാഷിങ്ടൺ : മധ്യപൗരസ്ത്യ മേഖലയിൽ അമേരിക്ക വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടരുതെന്ന് പിതാവ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നേരിട്ട് ഇടപെടുന്നതിനെക്കുറിച്ചുള്ള വിയോജിപ്പ് ട്രംപ് ജൂനിയർ സ്വകാര്യ സംഭാഷണങ്ങളിൽ പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ ഡൊണാൾഡ് ട്രംപിന്റെ മകൻ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ 2024 ഏപ്രിൽ 13ന് ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ എക്സിൽ പിതാവിനെ പ്രശംസിച്ച് ട്രംപ് ജൂനിയർ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇറാനുമായുള്ള സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന വിമർശനങ്ങൾക്കിടയിലും ട്രംപിന്റെ ശക്തിയും ദൃഢനിശ്ചയവും രാജ്യത്തെ യുദ്ധത്തിൽനിന്ന് അകറ്റിനിർത്തിയെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

എന്നാൽ, രണ്ടര വർഷത്തിനിപ്പുറം ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടതോടെ ട്രംപ് ജൂനിയറിന്റെ മുമ്പത്തെ നിലപാടും ഇപ്പോഴത്തെ വിയോജിപ്പും വീണ്ടും ചർച്ചയാകുകയാണ്. യുദ്ധത്തോടുള്ള എതിർപ്പ് സ്വകാര്യ സംഭാഷണങ്ങളിൽ ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പിതാവുമായി പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാൻ അദ്ദേഹം തയാറാകില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന അന്തരിച്ച ചാർലി കിർക്കുമായും ട്രംപ് ജൂനിയറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇറാൻ യുദ്ധത്തോട് കിർക്കും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശരാജ്യങ്ങളിലെ സൈനിക ഇടപെടലുകളെക്കുറിച്ച് അമേരിക്കയിലെ യാഥാസ്ഥിതിക രാഷ്ട്രീയ വിഭാഗത്തിനുള്ളിൽ നിലനിൽക്കുന്ന ഭിന്നതകളിലേക്കാണ് ഈ നിലപാടുകൾ വിരൽചൂണ്ടുന്നത്.

ഇറാനെതിരായ സൈനിക നീക്കത്തിൽ ട്രംപ് ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തിൽ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നിലപാടുകളും ചർച്ചയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments